മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ജനറൽ ആശുപത്രിക്ക് മൂവാറ്റുപുഴ നഗരസഭ 32.6 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ ആശുപത്രിയിലുളള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഓക്സിജൻ അടക്കം ലഭ്യമാക്കുന്നതിനുമാണ് തുക നീക്കിവെച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ 10 ലക്ഷം രൂപ അനുവദിക്കണമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാവിജയന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ചെയർമാൻ പി.പി. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗം കൂടുതൽ തുക അനുവദിച്ചത്. ഓക്സിജൻ വാങ്ങുന്നതിന് 12.6 ലക്ഷം രൂപയും പി. പി.ഇകിറ്റ്, മാസ്ക്, ഗ്ലൗസ്, ഗൗൺ തുടങ്ങിയവ വാങ്ങുന്നതിന് അഞ്ചുലക്ഷം രൂപയും മെഡിക്കൽ ഉപകരണങ്ങൾക്കും ട്രാൻസ്പോർട്ടേഷനും അഞ്ചുലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ ഡി.സി.സിക്ക് 20 ലക്ഷംരൂപയും നീക്കിവെച്ചിട്ടുണ്ട്. ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്ന കേന്ദ്രത്തിൽ മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ടൗൺ യു.പി സ്കൂളിൽ പ്രത്യേകക്യാമ്പ് തുറക്കും. നാലുനേരം ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.എല്ലാ ആഴ്ചയിലും അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പ്രതിരോധ മരുന്നും വിതരണം ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 400 കുടുംബങ്ങൾക്ക് പതിനെട്ടിന പലവ്യഞ്ജന ഭക്ഷ്യധാന്യക്കിറ്റ് നൽകി. രണ്ടാഴ്ചയായി പ്രതിദിനം നൂറുപേർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുന്നു. രോഗം പടരാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.