മൂവാറ്റുപുഴ: കിഴക്കേകരയിൽ മിനി കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിനടക്കം നഗരസഭയിൽ വിവിധ പദ്ധതികൾക്കായി 1,10,80000 രൂപ അനുവദിച്ചതായി നഗരസഭ ചെയർമാൻ പി.പി .എൽദോസ് അറിയിച്ചു. വർഷങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് കിഴക്കേക്കര. വേനൽ ആരംഭിക്കുന്നതോടെ ഇവിടെ ശുദ്ധജലക്ഷാമം രൂക്ഷമാകും. ഇതോടെ ടാങ്കറിലും മറ്റും ജലം എത്തിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായാണ് ചെറുകിട കുടിവെള്ളപദ്ധതി നടപ്പാക്കുന്നത്.
വെളളൂർകുന്നം ക്ഷേത്രക്കടവ് പുനരുദ്ധാരണത്തിന് 13 ലക്ഷവും നഗരത്തിൽ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിക്ക് 19.28 ലക്ഷംരൂപയും അനുവദിച്ചു. ജൈവ, അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിന് കൂടുതൽ ബിന്നുകൾ വാങ്ങുന്നതിനടക്കം തുക വിനിയോഗിക്കും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വാർഡുകളിലെ ഓട ശുചീകരിക്കുന്നതിന് 20.8 ലക്ഷവും കുടിവെളള പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്ക് രണ്ടുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നഗരസഭയ്ക്ക് ലഭിച്ച സി.എഫ്.സി ഗ്രാന്റിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.