iuml

കൊച്ചി: തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ഇ.കെ.വിഭാഗം സമസ്തയുടെ പങ്ക് വിലയിരുത്താൻ മുസ്ലിംലീഗിൽ നീക്കം. ഉടൻ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഇക്കര്യം ചർച്ച ചെയ്യണമെന്ന്ചില ലീഗ് നേതാക്കൾ പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ കാലത്തും ഇ.കെ വിഭാഗം സമസ്തയുടെ നിലപാടുകളോടൊപ്പം മുസ്ലിംലീഗ് നേതൃത്വം അടിയുറച്ച് നിന്നിട്ടുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പു കാലത്ത് ലീഗിനെതിരെ പരസ്യ നിലപാടുകൾ സ്വീകരിച്ച് പാർട്ടിയുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെടുത്തിയത് ഇ.കെ വിഭാഗം സമസ്തയാണെന്ന് പരാതി ഉന്നയിച്ചവർ പറയുന്നു. ഇ.കെ വിഭാഗം സമസ്തയോടൊപ്പം നിലയുറപ്പിക്കുന്നതിനാൽ എ.പി വിഭാഗം സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിക്കുകയാണെന്നും ഇവർ വാദിക്കുന്നു.

തിരിച്ചടിക്ക് കാരണമായി പറയുന്നത്

• കുഞ്ഞാലിക്കുട്ടിക്കെതിരെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന.

• പിണറായി സർക്കാർ സമസ്തക്കെതിരല്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന.

• പിണറായി വിജയൻ വിളിച്ച യോഗത്തിൽ ആലിക്കുട്ടി മുസ്ല്യാർ പങ്കെടുക്കാൻ തീരുമാനിച്ചതും വിവാദമായപ്പോൾ പിന്മാറിയതും.

• ഈ വിവാദത്തിന്റെ പേരിൽ എം.സി. മായിൻഹാജിക്കെതിരെ സമസ്ത പ്രഖ്യാപിച്ച അന്വേഷണം.

• കെ.എൻ.എ ഖാദറിന്റെ ഗുരുവായൂർ കാണിക്കയിടലിനെതിരെ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനം