oxijen

ആലുവ: ജില്ലയിൽ ഓക്‌സിജൻ സിലിണ്ടർ വിൽക്കുന്ന സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിൽ അളവ് വ്യക്തമായി എഴുതുന്നില്ലെന്ന് കണ്ടെത്തി.

ഇന്നലെ അമ്പലമുകൾ മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സിലിണ്ടറിൽ നിറയ്‌ക്കുന്ന ഓക്‌സിജൻെറ അളവ് ക്യുബിക് മീറ്ററിലാണ് ബില്ലിൽ രേഖപ്പെടുത്തത്. അതിനോടൊപ്പം കിലോഗ്രാമിലും അളവ് രേഖപ്പെടുത്തണമെന്ന് മെട്രോളജി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. സാധാരണയായി 48 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിലാണ് ഓക്‌സിജൻ നൽകുന്നത്. ഏഴ് ക്യുബിക് മീറ്റർ ഓക്‌സിജന് സമമാണ് 9.5 കിലോഗ്രാം ഓക്‌സിജൻ. ഇപ്രകാരം അളവ് രേഖപ്പെടുത്തിയാൽ രോഗിക്കും ഡോക്ടറിനും കൃത്യമായ ധാരണ ലഭിക്കുമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സി. ഷാമോൻ അറിയിച്ചു.

വീടുകളിൽ നൽകുന്ന എൽ.പി.ജി സിലിണ്ടറിൽ പാചകവാതകം കിലോഗ്രാമിൽ രേഖപ്പെടുത്തിയിരിക്കണമെന്ന് നിയമമുണ്ട്. ഇതേനിയമം ഓക്‌സിജൻ സിലിണ്ടറിനും ബാധകമാണ്. തുടർ ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇൻസ്‌പെക്ടർ റീനാ തോമസ്, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് മാരായ എ.എക്‌സ്. ജോസ്, വി.എസ്. രജീഷ് എന്നിവരും ഉണ്ടായിരുന്നു.