കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്ന് വിതരണം പ്രതിസന്ധിയിലാണെന്നും മരുന്ന് വ്യാപാരികളെയും ജീവനക്കാരെയും അടിയന്തിര പ്രാധാന്യമുള്ള ആരോഗ്യപ്രവർത്തകരുടെ ഗണത്തിൽപ്പെടുത്തി വാക്‌സിൻ നൽകാൻ മുൻഗണ നൽകണമെന്ന് ഓൾ കേരള കെമിസ്റ്റിസ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) എറണാകുളം ജില്ലാ പ്രസിഡന്റ് പി. വി. ടോമി സർക്കാരിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡ്രഗ്‌സ് കൺട്രോളർ എന്നിവർക്ക് നിവേദനം നൽകി. മഹാമാരിക്കാലത്തു വിശ്രമമില്ലാതെ ജീവൻ പണയംവച്ചു സംസ്ഥാനത്തുടനീളം ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ പ്രയത്‌നിക്കുന്നതിൽ ഭൂരിപക്ഷം മരുന്ന് വ്യാപാരികളും ജീവനക്കാരും എറണാകുളം ജില്ലക്കാരാണ്. നിരവധി മരുന്ന് വിതരണ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വരുംദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി.വി. ടോമി അഭ്യർത്ഥിച്ചു.