കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങളുടെ ജീവനക്കാരോടൊപ്പം കമ്പനിയുടെ ആസ്ഥാനമിരിക്കുന്ന നാടിനു കൂടി കരുതലേകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ സിന്തൈറ്റ്. കമ്പനിയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ പ്രതിരോധ കുത്തിവയ്പ് നൽകുന്നതോടൊപ്പം ഐക്കരനാട് പഞ്ചായത്ത് പരിധിയിലുള്ള 50 വയസിന് മുകളിലുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലയിൽ 5000 ഡോസ് വാക്‌സിൻ കമ്പനി വാങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമായി എത്തുന്ന 2500 ഡോസ് വാക്‌സിൻ ജീവനക്കാർക്കും ഐക്കരനാട്ടിൽ തിരഞ്ഞെടുക്കുന്ന 50 വയസിന് മുകളിലുള്ള പാവപ്പെട്ടവർക്കുമാണ് നൽകുന്നതെന്ന് സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ ഡോ.വിജു ജേക്കബ് പറഞ്ഞു. ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനാണ് ആദ്യഘട്ടമായി കോലഞ്ചേരി മെഡിക്കൽ കോളേജ് വഴി നൽകുന്നത്. സിന്തൈറ്റിന്റെ സി.എസ്.ആർ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷനാണ് അർഹരായവരെ കണ്ടെത്തുക. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ സിന്തൈറ്റ് ഗ്രൂപ്പ് സജീവമായിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സ്വകാര്യ വ്യവസായ സ്ഥാപനം നേരിട്ട് വാക്‌സിൻ വാങ്ങി സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത്.