കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിലെ താത്കാലിക ചികിത്സാ കേന്ദ്രം നാളെ തുറക്കാനാകുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. 1000 ഓക്സിജൻ കിടക്കകൾ ഇവിടെയുണ്ടാകും.
ബി.പി.സി.എല്ലിന്റെ സഹകരണത്തോടെയാണ് ഇത് ഒരുക്കുന്നത്.രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറും.ഇവിടേക്ക് നഴ്സുമാർ , ഡോക്ടർമാർ എന്നിവർക്കായുള്ള ആദ്യഘട്ട അഭിമുഖം പൂർത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ അറിയിച്ചു.
ജനറൽ ആശുപത്രിയിൽ
കൊവിഡ് ബ്ലോക്ക്
കൊച്ചി: ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ താൽക്കാലികമായി ആരംഭിക്കുന്ന കൊവിഡ് വാർഡിൽ ഉടനെ രോഗികളെ പ്രവേശിപ്പിക്കും. മൂന്ന് നിലകളിലായി 102 ഓക്സിജൻ കിടക്കകൾ ഇവിടെയുണ്ട്. ഇതിൽ 6 ഐ.സി.യു ബെഡുകളും ഉൾപ്പെടും.
സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുക. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും.
നഴ്സുമാരും മറ്റ് സ്റ്റാഫുകളും ഇവിടെ തന്നെ താമസിക്കും.
ഒഴിവുള്ളത് 1911 കിടക്കകൾ
കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ. നിലവിലുള്ള 3900 കിടക്കകളിൽ 1989 പേർ ചികിത്സയിലുണ്ട്. ഡൊമിസിലറി കെയർ സെൻറെറുകളിൽ 337 പേരും. ഇത്തരം 30 കേന്ദ്രങ്ങളിൽ 1114 കിടക്കൾ ഒഴിവുണ്ട്.
ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 884 കിടക്കകൾ സജ്ജമാണ്. ഇവിടങ്ങളിൽ 393 പേർ ചികിത്സയിലുണ്ട്. 459 കിടക്കകൾ ഒഴിവുണ്ട്.
മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 975 കിടക്കകൾ സജ്ജമാണ്. 768 പേർ ഇവിടങ്ങളിലുണ്ട്. വിവിധ ആശുപത്രികളിലായി 207 കിടക്കകളും ലഭ്യമാണ്.