കൊച്ചി: കാേളേജ് അദ്ധ്യാപക നിയമനങ്ങൾക്ക് ഡോക്ടറേറ്റ് നിർബന്ധമാക്കിയതോടെ ഗൈഡുകളെ ലഭിക്കാൻ ഗവേഷണ വിദ്യാർത്ഥികളുടെ നെട്ടോട്ടം.
കേരളത്തിലെ സർവകലാശാലകളിൽ ഗൈഡുകൾക്ക് സ്വീകരിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതലാണ് അപേക്ഷകർ. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഡോക്ടറേറ്റ് നിർബന്ധമാക്കി യു.ജി.സി ഉത്തരവിട്ടതോടെയാണ് ഗവേഷണത്തിരക്ക് വർദ്ധിച്ചത്.
ലക്ഷ്യം ജോലി മാത്രമായതിനാൽ നിലവാരം കുറഞ്ഞ വിഷയങ്ങളാണ് പലരും സമർപ്പിക്കുന്നതെന്ന് ഗൈഡുകൾ പറയുന്നു. മുതിർന്ന ഒരു ഗൈഡിന് എട്ടുപേരെ ഒരേസമയം സ്വീകരിക്കാം. എത്രപേരെ സ്വീകരിക്കണമെന്ന് ഗൈഡുകൾക്ക് തീരുമാനിക്കാം. ഗവേഷണം തുടരുന്നവർ യഥാസമയം പൂർത്തിയാക്കാത്തതിനാൽ പുതിയ ഗവേഷകരെ സ്വീകരിക്കാനും കഴിയാതെവരുന്നു.
പൂർണസമയ ഗവേഷകർ അഞ്ചും മറ്റുള്ളവർ ഏഴും വർഷത്തിനകം പ്രബന്ധം സമർപ്പിക്കണം. പകുതിയോളം പേർക്കും അതിന് കഴിയാറില്ല. സമയം നീട്ടിവാങ്ങുകയാണ് പതിവ്.
പ്രതിഷേധിച്ച് അപേക്ഷകർ
കൊവിഡ് വ്യാപനത്തിന്റെ കാലത്തും നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന കൊച്ചി സർവകലാശാലയുടെ വ്യവസ്ഥയിൽ പ്രതിഷേധം. ബന്ധപ്പെട്ട വകുപ്പിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുകയും ബാങ്ക് ഡി.ഡി സമർപ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയാണ് അപേക്ഷകരെ വലച്ചത്.
കഴിഞ്ഞവർഷം ഉൾപ്പെടെ ഇതേ രീതിയാണ് സ്വീകരിച്ചതെന്ന് സർവകലാശാല പ്രവേശനവിഭാഗം തലവൻ ഡോ. ജയിംസ് വർഗീസ് പറഞ്ഞു. ഗവേഷണ വിഷയത്തിന്റെ നിലവാരം മനസിലാക്കുകയെന്ന ഉദ്ദേശ്യം ഇതിന് പിന്നിലുണ്ട്. കൊവിഡ് മൂലം അപേക്ഷ സമർപ്പിക്കേണ്ട തീയതി ഈ മാസം 31വരെ നീട്ടിയിട്ടുണ്ട്.
`ഗവേഷണത്തെക്കാൾ ജോലി നേടാനുള്ള മാർഗമെന്ന നിലയിൽ പിഎച്ച്.ഡിയെ കാണുന്നവരാണ് കൂടുതൽ'
-ഡോ. പി.പി. വിനോദ്കുമാർ
സ്കൂൾ ഒഫ് എൻജിനീയറിംഗ്,
കൊച്ചി സർവകലാശാല