pvs
വാക്സിൻ ചലഞ്ചിലേക്ക് കടയിരുപ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ജീവനക്കാർ നൽകുന്ന ചെക്ക് നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: സാലറി ചലഞ്ച് തുക വാക്സിൻ ചലഞ്ചിലേക്ക് നൽകി കടയിരുപ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരുടെ വേറിട്ട പ്രവർത്തനം മാതൃകയായി. സാലറി ചലഞ്ചിന്റെ ഭാഗമായി സർക്കാരിനുനൽകിയ തുകയുടെ ആദ്യഗഡു തിരിച്ചുകിട്ടിയപ്പോൾ അവരത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തിരികെ നൽകി. 57 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും ചേർന്ന് 612546 രൂപയാണ് നൽകിയത്. നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ചെക്ക് ഏറ്റുവാങ്ങി. സീനിയർ അസിസ്​റ്റന്റ് എൻ. സിനി, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലയിൽ എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറി തലത്തിലും നൂറുമേനി വിജയമുള്ള സ്ഥാപനങ്ങളിലൊന്നാണിത്.