മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുമായ പായിപ്രയിൽ കൊവിഡ് രോഗികൾ 3000 കടന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക്

വേണ്ടത്ര പ്രാധാന്യം നൽകാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ. ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ആർ. സുകുമാരൻ കളക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകി. മൂവായിരത്തി അഞ്ഞൂറോളം പേർക്ക് രോഗം വന്നതായിട്ടാണ് ഔദ്യോഗികകണക്ക് . എന്നാൽ നിരവധിപേർ രോഗപരിശോധനക്ക് പോകാതെ വീടുകളിൽ കഴിയുന്നതായും ആരോപണമുണ്ട്. 654 പേർ വിവിധ ആശുപത്രികളിലും പഞ്ചായത്തിന് വെളിയിലുള്ള സി.എഫ്.എൽ.ടി.സികളിലും ചികിത്സയിലുണ്ട്. കൊവിഡ് ബാധിതരായി പ‌ഞ്ചായത്തിൽ മരിച്ചവരുടെ എണ്ണം 25 കടന്നു.

കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് മരിച്ചയാൾക്ക് പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആയിരുന്നു. ബൈക്ക് അപകടത്തിൽ മരിച്ചയാൾക്കും കൊവിഡ് പൊസിറ്റീവ് ആയിരുന്നു. ഇവരൊന്നും മുമ്പ് പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട വാർഡ് സമിതികൾ ഭൂരിപക്ഷം വാർഡുകളിലും രൂപികരിച്ചിട്ടില്ല. എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവയുടെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. വീടുകളിൽ സുരക്ഷിതമായി കഴിയാൻ സാധിക്കാത്ത രോഗികൾ എല്ലാവർക്കും രോഗം പടർത്തുന്ന സ്ഥിതിയാണ്. 22 വാർഡുള്ള പഞ്ചായത്തിലെ ആശാ വർക്കർമാർമാരുടെ പ്രവർത്തനവും ഫലപ്രദമല്ലെന്ന് പരാതിയുണ്ട്. പഞ്ചായത്തിൽ രോഗം പിടിപെടുന്നവരുടെ എണ്ണം എത്രയെന്ന് കൃത്യമായി ആരോഗ്യവകുപ്പിനുപോലും അറിയുവാൻ കഴിയുന്നില്ല.