പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന് കീഴിൽ ആരംഭിച്ച ഡോമിസിലിയറി കെയർസെന്ററിന് ആവശ്യമായ സൗകര്യങ്ങൾ നൽകുമെന്ന് നിയുക്ത എം.എൽ.എ എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി ലഭ്യമായാലുടനെ ആവശ്യമായ നടപടികൾ സ്വീകരിക്കും.

ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഓക്സിജൻ സൗകര്യമുള്ള മിനി ആംബുലൻസ് സേവനവുമാണ് അടിയന്തരമായി വേണ്ടത്. നിലവിൽ 4 വാഹനങ്ങളുടെ സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി. അജയകുമാർ അറിയിച്ചു. 4 നഴ്‌സുമാരുടെയും 7 സന്നദ്ധ പ്രവർത്തകരുടെയും സേവനവും ലഭ്യമാണ്. രോഗികൾക്കുള്ള ഭക്ഷണവും മരുന്നുകളും പഞ്ചായത്ത് നൽകും. പഞ്ചായത്ത് അംഗങ്ങളായ കെ. കെ മാത്തുകുഞ്ഞു, സജി പടയാട്ടിൽ, ബിജു കുര്യാക്കോസ്, കുര്യൻ പോൾ, ഫെബിൻ കുര്യാക്കോസ്, സ്മിത അനിൽ കുമാർ എന്നിവരും നേതൃത്വം നൽകുന്നു.