കൊച്ചി:ഉപഭോക്താക്കളുടെ സഹായത്തോടെ ഈ മാസത്തെ വാട്ടർ ബിൽ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേരള വാട്ടർ അതോറിറ്റി. ലോക് ഡൗണായതിനാൽ വാട്ടർ റീഡിംഗ് എടുക്കാൻ വരാൻ കഴിയാത്ത സാഹചര്യത്തിൽ മീറ്ററിന്റെ ഫോട്ടോയും പഴയ ബില്ലിന്റെ കോപ്പിയും വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചുനൽകണമെന്ന അതോറിറ്റിയുടെ നിർദ്ദേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയതിന് പുറമെ മീറ്റർ റീഡർമാർ ഫോൺവഴിയും ഉപഭോക്താക്കളെ ഇക്കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്. ചുരുക്കം വയോധികർ വിസമ്മതം പറഞ്ഞതൊഴിച്ചാൽ ഭൂരിഭാഗവും വാട്ടർ അതോറിറ്റിയുമായി സഹകരിക്കാൻ തയ്യാറായി. അവ്യക്തമായ ചില ഫോട്ടോകളിൽ നിന്ന് കൺസ്യുമർ നമ്പറും റീഡിംഗും കണ്ടെത്തുന്നതിന് ബുദ്ധിമുട്ടിയെങ്കിലും സമയത്തിന് വാട്ടർ ബിൽ തയ്യാറാക്കാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് അധികൃതർ
ഗേയ്റ്റ് ലോക്ഡ് ബില്ലുകൾ
മീറ്റർ റീഡിംഗ് എടുക്കാൻ വരുന്നവർ വീട്ടുകാർ സ്ഥലത്തില്ലെങ്കിൽ ഗേയ്റ്റ് ലോക്ഡ് പട്ടികയിൽ പെടുത്തി ആ വീട്ടിലേക്കുള്ള വാട്ടർ ബിൽ തയ്യാറാക്കും. അതായത് കഴിഞ്ഞ തവണത്തെ അതേ ബിൽ അനുസരിച്ചുള്ള തുകയുടെ ബിൽ വീട്ടുകാർക്ക് ലഭിക്കും. ആദ്യ ലോക് ഡൗണിന്റെ സമയത്ത് വാട്ടർ അതോറിറ്റി ഈ രീതിയനുസരിച്ചാണ് തുക നിശ്ചയിച്ചത്. ഇത്തവണ ആ ചുമതല ഉപയോക്താക്കളെ ഏല്പിച്ചു. റീഡിംഗ് അയച്ചാലും ഇല്ലെങ്കിലും 25 ഓടെ ബില്ലുകൾ തയ്യാറാകും.
രണ്ടായിരത്തിന് മീതെയുള്ള ബില്ലുകൾ ഓൺലൈനായാണ് അടയ്ക്കേണ്ടത്. ഇപ്പോൾ എത്ര കുറഞ്ഞ തുകയും ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഗൂഗിൾ പേ, ഇ പേയ്‌മെന്റ് വഴിയും ബിൽ അടയ്ക്കാം.
കുടുംബശ്രീയുമായി കരാർ
കോർപ്പറേഷൻ പരിധിയിൽ വാട്ടർ അതോറിറ്റിക്ക് ഒന്നര ലക്ഷം ഉപഭോക്താക്കളാണുള്ളത്.
മീറ്റർ റീഡിംഗിനായി നൂറു ജീവനക്കാർ.
20പേർ വാട്ടർ അതോറിറ്റിയുടെ ജീവനക്കാർ
80 കുടുംബശ്രീ പ്രവർത്തകർ
ഒരു ജീവനക്കാരൻ ഒരു മാസം 800 മീറ്റർ റീഡിംഗ് എടുക്കണം
ഒരു മീറ്റർ റീഡിംഗിന് കുടുംബശ്രീ പ്രവർത്തകർക്ക് 11രൂപ 25 പൈസ വച്ച് പ്രതിഫലം ലഭിക്കും.
ഏരിയ തിരിച്ചാണ് ഇവർക്ക് വീടുകൾ നൽകുന്നത്
ഒന്നിടവിട്ട മാസങ്ങളിൽ 15 നകം ഇവർ വീടുകളിലെത്തി റീഡിംഗ് എടുത്തിരിക്കും.