കിഴക്കമ്പലം: പഞ്ചായത്തിൽ ആശങ്കാജനകമായി കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കിഴക്കമ്പലത്ത് 50 കിടക്കളുള്ള ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻ സർവകക്ഷിയോഗം തീരുമാനിച്ചു. നിയുക്ത എം.എൽ.എ രക്ഷാധികാരിയും എം.പി. രാജൻ ചെയർമാനുമായി രൂപീകരിച്ച കൊവിഡ് പ്രതിരോധ ജനകീയസമിതിയുടെ നേതൃത്വത്തിലാണ് ഡി.സി.സി തുടങ്ങുന്നത്. വാർഡുതല ജാഗ്രതാസമിതികൾ ശക്തമാക്കാനും കൊവിഡ് രോഗികളേയും കുടുംബങ്ങളേയും സംരക്ഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനമായി. പി.വി. ശ്രീനിജിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
മലയിടംതുരുത്ത് വാർഡിൽ വീട്ടുകാർക്ക് കൊവിഡ് പകരാതിരിക്കാൻ വീട്ടിലെ തൊഴുത്തിൽ കഴിഞ്ഞ മാന്താട്ടിൽ സാബു മരിച്ച സംഭവത്തിലുയർന്ന പ്രതിഷേധത്തെത്തുടർന്ന് ആശാവർക്കർ മിനി രതീഷ് സ്ഥാനമൊഴിഞ്ഞു. മറ്റൊരാൾക്ക് ചുമതല നൽകി. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റുകൂടിയായ മിനി വാർഡിലെ കൊവിഡ് ബാധിതരുടെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമായിരുന്നു. പഞ്ചായത്തിൽ ഭരണസമിതി വൻ പരാജയമാണെന്നാരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു.
മലയിടംതുരുത്തിലെ മരണത്തിനുത്തരവാദിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്റ് എം.കെ. അനിൽകുമാർ തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.