കോലഞ്ചേരി: ലോക്ക് ഡൗണിൽ വലഞ്ഞ് പഴം,പച്ചക്കറി കർഷകർ. സ്വാശ്രയ വിപണികളിൽ വില്പന നിലച്ചതോടെയാണ് മഴുവന്നൂർ, തിരുവാണിയൂർ മേഖലയിലെ കർഷകർ ദുരിതത്തിലായത്. പാകമായ പച്ചക്കറികൾ പറിച്ചുവച്ച് ആവശ്യക്കാരെ നവമാദ്ധ്യമങ്ങൾവഴി തേടുകയാണ് കർഷകർ.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുമാണ് മേഖലയിലെ വിവിധ സ്വാശ്രയ വിപണികളിൽ കച്ചവടക്കാർ എത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗണിൽ വിപണിയിലെ ലേലത്തിന് വിലക്കേർപ്പെടുത്തിയതോടെ ആളെത്തുന്നില്ല. ഇതോടെ ഏക്കർ കണക്കിന് സ്ഥലത്തെ പൈനാപ്പിൾ, പടവലം, കുമ്പളം, പയർ, വെള്ളരി, ചുരക്ക എന്നിവ നശിച്ചുപോകുന്ന അവസ്ഥയിലാണ്. ഇതോടെ കിട്ടിയ വിലയ്ക്ക് പച്ചക്കറികൾ വിറ്റഴിക്കാനാണ് തീരുമാനം. ഇത്തരം സാഹചര്യങ്ങളിൽ ഹോർട്ടികോർപ്പ് മാന്യമായ വില നൽകി പച്ചക്കറി സംഭരിക്കാറുണ്ട്. ഹോർട്ടികോർപ്പ് സംഭരണം നിർത്തിവെച്ചതും കർഷകർക്ക് തിരിച്ചടിയായി.
പ്രളയത്തിലും ആദ്യഘട്ട കൊവിഡ് വ്യാപനസമയത്തും തകർന്ന് വൻ കടക്കെണിയിലായിരുന്നു കർഷകർ. അവിടെയും പാടുപെട്ട് പിടിച്ചുനിന്ന് വീണ്ടും കൃഷിയിറക്കിയപ്പോൾ വിളകൾ വാങ്ങാനാളില്ലാതെ വന്നതോടെ ആത്മഹത്യാ വക്കിലാണ് കർഷക കുടുംബങ്ങൾ.