കൊച്ചി: കൊവിഡ് രോഗികളുടെ ചിലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ബി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് സർക്കാർ നിശ്ചയിച്ച ചികിത്സ ചെലവ് വളരെ കൂടുതലാണ്. കേന്ദ്രസർക്കാരും തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പദ്ധതി കേരളത്തിലും പ്രഖ്യാപിക്കണം.

പണം പിടിച്ചുപറിക്കുന്ന ആശുപത്രി മാനേജ്മെന്റിനെതിരെ നടപടി എടുക്കണം. അത്തരം ആശുപത്രികൾ സർക്കാർ പിടിച്ചെടുക്കണം. ആശാ വർക്കർ, അംഗനവാടി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകണം.തൊഴിൽ, കാർഷിക മേഖലകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പതിനായിരം രൂപ സാമ്പത്തിക സഹായം നൽകണം. കൂടുതൽ ചികിത്സ കേന്ദ്രങ്ങളും ക്വാറന്റൈൻ സെന്ററുകളും ആരംഭിക്കണം. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.