നെടുമ്പാശേരി: കൊവിഡ് മഹാമാരിക്കിടയിൽ കരുണയുടെ മാലാഖമാരായി പ്രവർത്തിക്കുന്ന ആശാപ്രവർത്തകർക്ക് ചെങ്ങമനാട് പൊലീസിന്റെ സ്‌നേഹാദരം. സ്റ്റേഷൻ പരിധിയിലെ 41 വാർഡുകളിലെ 46 ആശാ പ്രവർത്തകരെയാണ് ആദരിച്ചത്. വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലയുടെയും അയിരൂർ സ്വാമീസ് കറിപൗഡറിൻെറയും സഹകരണത്തോടെയായിരുന്നു ചടങ്ങ്. എല്ലാവർക്കും കുടയും സാനിറ്റെസറും സമ്മാനിച്ചു. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയീസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡൻറ് സി.പി. തര്യൻ സന്ദേശം നൽകി. സ്വാമീസ് കറിപൗഡർ മാനേജിംഗ് ഡയറക്ടർ സി.ഒ. ജോസ്, എസ്.ഐ പി.ഡി. ബെന്നി, എ.വി. സുരേഷ്, കെ.ജെ. പോൾസൺ, കെ.ബി. സജി, ടി.എസ്. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.