photo
എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വഴിവൃത്തിയാക്കുന്നു

വൈപ്പിൻ: രോഗവാഹകരായ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാനുള്ള ബോധവത്കരണ പരിപാടികളുമായി വിദ്യാർത്ഥികൾ രംഗത്ത്. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ക്ലീൻ യുവർ ഹോം ചലഞ്ചെന്ന് പേരിട്ട ഈ പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ആഴ്ചതോറും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ബോധവത്കകരണസന്ദേശം എത്തിക്കുകയുമാണ് ലക്ഷ്യം.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പ്രധാനമായും പരത്തുന്നത് ശുദ്ധജലത്തിൽ വളരുന്ന കൊതുകളാണ്. കൊതുകുകൾക്ക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി പദ്ധതിയോട് സഹകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ അഭ്യർത്ഥന.
വീട്ടുപരിസരത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, ടയറുകൾ, കുപ്പികൾ, ഐസ്‌ക്രീം പാത്രങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കമിഴ്ത്തിക്കളയും. ഫ്രിഡ്ജിന്റെ ട്രേയിലെ വെള്ളത്തിൽപ്പോലും കൊതുകുകൾ മുട്ടയിട്ട് വളരുന്നതിനാൽ അവയും രണ്ടാഴ്ചയിലൊരിക്കൽ ശുചീകരിക്കും. കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യും. സെപ്റ്റിക് ടാങ്കുകളുടെ പൈപ്പുകൾ വല ഉപയോഗിച്ച് കെട്ടിവെക്കും. പുല്ലുകൾ വെട്ടി വീടിന്റെ പരിസരം വൃത്തിയാക്കും.

സ്വന്തം വീട്ടിലും പരിസരത്തും കൊതുകുകൾ പെരുകാതിരിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കുകയാണ് ചലഞ്ചിന്റെ ആദ്യപടിയെന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ പാർവതി ദിലീപും ഡിവൈൻഡ ജോൺസനും പറഞ്ഞു.. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.ജി. ഹരികുമാർ, ആർ. നിഷാര, ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം. പുരുഷോത്തമൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.