വൈപ്പിൻ: നിത്യോപയോഗസാധനങ്ങളുമായി കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണിസ്റ്റോർ വൈപ്പിൻ മണ്ഡലത്തിൽ വീട്ടുപടിക്കളെത്തും. നിയുക്ത എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ അഭ്യർത്ഥനയെത്തുടർന്ന് അനുവദിച്ച സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ ഓരോ ആഴ്ചയും നിശ്ചിത ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലുമെത്തും. സഞ്ചരിക്കുന്ന ത്രിവേണിസ്റ്റോർ ഗോശ്രീ ജംഗ്ഷനിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ, എം.ഡി. ഡോ. എസ്. കെ. സനിൽ, റീജിയണൽ മാനേജർ ഷൈനി ഏലിയാസ്, എ.പി. പ്രിനിൽ, എം.പി. പ്രശോഭ്, എം.പി. ശ്യാം എന്നിവർ പങ്കെടുത്തു.
തിങ്കളാഴ്ചകളിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, ചൊവ്വാഴ്ചകളിൽ നായരമ്പലം, എടവനക്കാട്, ബുധനാഴ്ചകളിൽ കുഴുപ്പിള്ളി, പള്ളിപ്പുറം, വ്യാഴാഴ്ചകളിൽ കടമക്കുടി, മുളവുകാട് ഗ്രാമപഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന സ്റ്റോർ എത്തും.