കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണരംഗത്തേയ്ക്ക് ചുവടുവച്ച ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയഷന്റെ റെയോയ് ആപ്പ് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഭക്ഷണവിതരണ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുമെന്നാണ് വാഗ്ദാനം. മേയർ എം. അനിൽകുമാർ മൊബൈൽ ഫോണിലൂടെ ഭക്ഷണം ഓർഡർ ചെയ്താണ് റെസോയ് ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. എം.ജി. റോഡിലെ ഹോട്ടലുകളിൽ പരീക്ഷിച്ച് വിജയിച്ച സേവനമാണ് നഗരം മുഴുവൻ വ്യാപിപ്പിക്കുന്നത്. നാനൂറോളം ഹോട്ടലുകൾ ഭാഗമാകും. കൊച്ചി നഗരത്തിലെയും കാക്കനാട്, കളമശേരി ഭാഗത്തേയും ഹോട്ടലുകളിൽ നിന്നും അഞ്ചു കിലോമീറ്റർ പരിധിയിൽ റെസോയ് ആപ്പിന്റെ സേവനം ലഭിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളം മുഴുവനായും റെസോയ് ആപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. ഡെലിവറി ചാർജ് ഒഴിവാക്കി ഹോട്ടൽ നിരക്കിൽ തന്നെ ഭക്ഷണം ലഭ്യമാക്കുമെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. മറ്റു ഭക്ഷണവിതരണക്കാർ 30 മുതൽ 40 ശതമാനം വരെ അധികനിരക്ക് ഈടാക്കിയാണ് ഡെലിവറി നടത്തുന്നത്. ചടങ്ങിൽ റെസോയ് ആപ്പ് ഡയറക്ടർമാരായ ടി.ജെ. മനോഹരൻ, അസീസ്, സി.ഇ.ഒ മുഹമ്മദ് മുസ്തഫ, ഓപ്പറേഷൻ മാനേജർ രാഹുൽ ജയൻ എന്നിവർ പങ്കെടുത്തു.