കൊച്ചി​: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൂന്ന് എൽ.എൻ.ജി ടാങ്കറുകൾ ഓക്‌സിജൻ വിതരണത്തിന് സജ്ജമാക്കി. ഒൻപത് ടൺ ശേഷിയുള്ള ഈ ടാങ്കറുകൾ ജില്ലയ്ക്ക് അകത്തും പുറത്തും ദ്രവീകൃത ഓക്‌സിജൻ വിതരണത്തിന് സഹായകമാകും.ഓക്‌സിജൻ നിറയ്ക്കുന്നതിനുള്ള ലൈസൻസ് ലഭ്യമായിട്ടുണ്ട്.കൊച്ചിൻ ഷിപ്‌യാർഡിൽ അവശ്യം വേണ്ട ഓക്‌സിജൻ കഴിഞ്ഞുള്ളത് സൗജന്യമായാണ് കൊച്ചിൻ എയർ പ്രൊഡക്ട്സ് സർക്കാരിന് നൽകുന്നത്.അത്യാവശ്യ സന്ദർഭങ്ങളിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിലേക്കും ഇവിടുന്നുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ട്. ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് ആവശ്യമായ ഹസാർഡസ് ലൈസൻസുകൾ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് ലഭ്യമാക്കുന്നതിനുള്ള പരിശീലനം പാലക്കാട് ഇന്ന് ആരംഭിക്കും. വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലിയിൽ 28 വാഹനങ്ങളാണ് സിലിൻഡർ വിതരണം ചെയ്യുന്നത്.

ഒഴിവുള്ളത് 1758 കിടക്കകൾ

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1758 കിടക്കകൾ. ആകെയുള്ള 3,829 കിടക്കകളിൽ 2,089 പേർ ചികിത്സയിലുണ്ട്.

• 31 ഡൊമിസിലറി കെയർ സെന്ററുകളിലായി ജില്ലയിൽ 372 പേർ ചികിത്സയിലുണ്ട്. 999 കിടക്കൾ ഒഴിവുണ്ട്.

• ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങളുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളി​ൽ 32 പേർ ചികിത്സയിലുണ്ട്.

• ആരോഗ്യവിഭാഗത്തിന്റെ 11 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 444 കിടക്കകൾ ലഭ്യമാണ്.

• മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 984 കിടക്കകൾ സജ്ജമാണ്. ഇവിടങ്ങളിൽ 780 പേർ ചികിത്സയിലാണ്.

• രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 204 കിടക്കകളും ഒഴി​വുണ്ട്.