പറവൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനൊന്നുലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന നാലുപഞ്ചായത്തുകളിലെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവും. പഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്ന ഡി.സി.സികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പൾസ് ഓക്സി മീറ്ററുകളും നൽകും.
പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ. അബുബക്കർ, ട്രീസ മോളി, ജയശ്രീ ഗോപീകൃഷ്ണൻ, ബി.ഡി.ഒ കെ.കെ. രാജപ്പൻ എന്നിവർ പങ്കെടുത്തു.