ആലുവ: കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായിട്ടുള്ള കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനവുമായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രംഗത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും ഓഞ്ഞിത്തോട് മലിനമായി ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യവുമാണ് സുരേഷ് മുട്ടത്തിൽ പ്രസിഡന്റായ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസർ എടയാറിന്റെ പരസ്യവിമർശനത്തിന് വഴിയൊരുക്കിയത്.

ഓഞ്ഞിതോട് മലിനമായി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ഓക്സിജൻ കുറഞ്ഞതിനെത്തുടർന്ന് മുപ്പത്തടം ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം നിലച്ച സാഹചര്യവുമാണ് നിലവിലുള്ളത്. കൂടാതെ മുണ്ടൻപാടം, എടയാറ്റുചാൽ, മധുരത്തുപാടം എന്നിവിടങ്ങളിലും ജലം മലിനമായി. ഈ സാഹചര്യം നാട്ടുകാരിൽ ഗുരുതരമായ എതിർപ്പുണ്ടാക്കിയിട്ടുണ്ടെന്ന് നാസർ എടയാർ ആരോപിക്കുന്നു. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്ക് സാദ്ധ്യതയുണ്ടായിട്ടും പഞ്ചായത്തിലെ ആരോഗ്യവിഭാഗം നിർജീവമാണ്. ഇനിയും കാഴ്ചക്കാരനായി നിൽക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും ഉപയോഗപ്പെടുത്തി ശക്തമായി പ്രവർത്തിക്കണമെന്നാണ് മണ്ഡലം പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

അതേസമയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ വിമർശിച്ചിട്ടില്ലെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.