munthiri
തോട്ടത്തിൽ വിളഞ്ഞ് കിടക്കുന്ന മുന്തിരികുലകൾക്ക് സമീപം ഗ്രേഷ്യസ് അഗസ്റ്റ്യൻ

മൂവാറ്റുപുഴ: കൃഷിയിൽ പുത്തൻപരീക്ഷണങ്ങൾ നടത്തി വിജയഗാഥ രചിക്കുകയാണ് കല്ലൂർക്കാട് റാത്തപ്പിള്ളിൽ ഗ്രേഷ്യസ് അഗസ്റ്റ്യനെന്ന യുവകർഷകൻ. തേനീച്ച, മീൻ, കന്നുകാലി കൃഷികളിൽ വിജയംകൈവരിച്ച ഗ്രേഷ്യസ് മുന്തിരിക്കൃഷിയിലും തിളങ്ങിനിൽക്കുന്നു. ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് തന്റെ തോട്ടത്തിൽ മുന്തിരിക്കുലകൾ വിരിയിക്കാനായത്. അഞ്ചുവർഷം തുടർച്ചയായി നടത്തിവന്ന മുന്തിരിക്കൃഷിയിൽ നിന്ന് ഇൗ വർഷമാണ് പൂർണമായി വിളവെടുക്കുവാനായത്.

തൊടുപുഴയിലെ നഴ്സറിയിൽനിന്ന് വാങ്ങിയ മുന്തിരിത്തെകൾ ആവശ്യമായ അകലത്തിൽ നട്ടുവളർത്തുകയായിരുന്നു. ചാണകവും കഞ്ഞിവെള്ളവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഏതു കാലാവസ്ഥയിലും മുന്തിരിവള്ളികൾ വളരുകയും കായ്ഫലം ഉണ്ടാകുകയും ചെയ്യുമെന്ന് ഗ്രേഷ്യസ് തെളിയിച്ചുകഴിഞ്ഞു. മുന്തിരിവള്ളികൾ പിടിച്ചുകയറുന്ന അട്ടക്കാലുകൾ രണ്ടാഴ്ച കൂടുമ്പോൾ മുറിച്ചുകൊടുക്കണം. ഇതോടെ മുന്തിരിവള്ളികൾ പടർന്നുവളരുവാൻ തുടങ്ങും. ആദ്യമെല്ലാം കൃഷിയിൽ നിന്നുലഭിച്ച മുന്തിരി അയൽവാസികൾക്ക് കൊടുക്കുകയായിരുന്നു. ഇക്കുറി വിളവെടുപ്പിൽ ലഭിച്ച മുന്തിരി വിപണനത്തിനായി കൊടുക്കുകയായിരുന്നു.

ഡിസംബർ, ജനുവരി മാസങ്ങളിലെ മുന്തിരിക്കാണ് എറ്റവും കൂടുതൽ മധുരമുള്ളത്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ മഴ കൂടുതലായതിനാൽ ഇൗ സമയം വിളവെടുക്കുന്ന മുന്തിരിക്ക് പുളിപ്പ് അനുഭവപ്പെടും. പത്തുസെന്റ് സ്ഥലത്ത് ഇരുപത് മുന്തിരിച്ചെടിയാണ് കൃഷിചെയ്യുന്നത്. ഇവ പടർന്നുപന്തലിക്കും. ശരിക്കും പരിപാലിക്കുകയാണെങ്കിൽ ഒരു മുന്തിരിച്ചെടിയിൽ നിന്നും 20 കിലോയോളം മുന്തിരി പറിച്ചെടുക്കുവാൻ കഴിയും. മുന്തിരി കൃഷി വിപുലമാക്കിയാൽ മറ്റു കൃഷിയെപോലെതന്നെ ഇതും ലാഭകരമാക്കുവാൻ കഴിയും. എന്നാൽ മുന്തിരികൃഷിക്ക് സർക്കാർ സഹായമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . സർക്കാർ സഹായംനൽകി മുന്തിരിക്കൃഷി വിപുലപ്പെടുത്തിയാൽ നമ്മുടെ സംസ്ഥാനത്തിനാവശ്യമായ വിഷാശം കലരാത്ത മുന്തിരി ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് ഗ്രേഷ്യസ് പറയുന്നു. അദ്ധ്യാപികയായ ഭാര്യ ലത്തീഷ്യ കൃഷിക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.