കളമശേരി: കണ്ടെയ്നർ ടെർമിനൽ റോഡിൽ ഫാക്ട് വെൽക്കം ഗേറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയുടെ ആറ് പുത്തൻ റേഡിയൽ ടയറുകൾ ഡിസ്ക് അടക്കം മോഷ്ടിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കേ വൈദ്യുതി തകരാർ സംഭവിച്ചതിനാൽ റോഡരികിൽ നിറുത്തിയിട്ടശേഷം ഡ്രൈവർ വർക്ക്ഷോപ്പിൽ ബന്ധപ്പെട്ടപ്പോൾ ആളില്ലാത്തതിനാൽ രണ്ടു ദിവസത്തെ താമസം നേരിടുമെന്നറിയിച്ചു. തുടർന്ന് ലോറിയുടെ ഹെഡ് വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോവുകയും ട്രെയ്ലർ വഴിയരികിൽ പാർക്കു ചെയ്യുകയും ചെയ്തു. ട്രെയ്ലറിന്റെ ടയറുകൾ ചൊവ്വാഴ്ച രാത്രി 10 മണിക്കും പുലർച്ചെ 3 മണിക്കും ഇടയ്ക്കാണ് മോഷ്ടിച്ചതെന്ന് കരുതുന്നു.
പൂണിത്തുറ പരുന്തുംപറമ്പിൽ പി.ബി.ഗിരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് KL O7 CV 4912 നമ്പർ ലോറി. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഗിരീഷ് പറഞ്ഞു. ഏലൂർ പൊലീസ് അന്വേഷണം തുടങ്ങി. വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ, ഡീസൽ, ടയറുകൾ തുടങ്ങിയവ മോഷണം പോകുന്നത് പ്രദേശത്ത് പതിവായിരിക്കുകയാണ്.