കിഴക്കമ്പലം: കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന കിഴക്കമ്പലത്ത് ജനകീയ കൊവിഡ് പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഡൊമിസിലിയിറി കെയർ സെന്ററിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. താമരച്ചാലിലാണ് 50 കിടക്കകളോടെ ഡി.സി.സി സജ്ജമാക്കുന്നത്. കുന്നത്തുനാട് നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിൽനിന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ട്വന്റി20 യുടെ നാല് പ്രസിഡന്റുമാർ വിട്ടുനിന്നതിനെച്ചൊല്ലി മേഖലയിൽ പ്രതിഷേധം കനക്കുകയാണ്. കിഴക്കമ്പലത്ത് എണ്ണൂറിലധികം രോഗബാധിതരും മരണസംഖ്യ 80 കടക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന നിയുക്ത എം.എൽ.എ ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി ട്വന്റി20 രംഗത്തെത്തിയിരുന്നു. ഞാറള്ളൂർ ഗോഡ്സ് വില്ലയിൽ നിന്നും ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ നിയുക്ത എം.എൽ.എ ഇടപെട്ട് ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റിയത് സമീപവാസി ബന്ധപ്പെട്ടതനുസരിച്ചാണ്. ഇതു സംബന്ധിച്ച് ട്വന്റി20യുടെ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്ന് ലോക്കൽ സെക്രട്ടറി ജിൻസ് ടി. മുസ്തഫ പറഞ്ഞു.