കോതമംഗലം: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ തങ്കളം വിവേകാനന്ദ കാമ്പസിൽ രണ്ടാഴ്ച മുമ്പാരംഭിച്ച കൊവിഡ് കെയർ സെന്റർ പ്രവർത്തനം ശ്രദ്ധേയമായി. കോതമംഗലത്തും പരിസരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയും ആശുപത്രികളിൽ രോഗികൾക്ക് കിടത്തിചികിത്സയ്ക്ക് ബുദ്ധിമുട്ടുവന്ന സാഹചര്യത്തിലാണ് സെന്റർ തുറന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ താമസിക്കുന്നതിനുൾപ്പെടെ 50 ബെഡുകളും അതിനാനുപാതികമായി ടോയ്‌ലെറ്റുമാണ് ഇവിടെയുണ്ട്. പൾസ് ഓക്സി മീറ്ററുകളും ആവി പിടിക്കുന്നതിനുള്ള വേപ്പറൈസർ, അത്യാവശ്യം മരുന്നും, ഭക്ഷണവുമുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സൗജന്യ കൗൺസലിംഗും നൽകിവരുന്നു.
സാധാരണയിൽ കവിഞ്ഞ് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാണിക്കുന്നവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാൻ 24 മണിക്കൂർ ആംബുലൻസമുണ്ട്. 24 മണിക്കൂർ നഴ്സിന്റെ സേവനവും ഓഫീസും ഹെല്പ് ഡെസ്കും ലഭ്യമാകുന്ന ഈ സെന്ററിൽ സേവാഭാരതി വോളണ്ടിയർമാരുടെ മുഴുവൻസമയ സേവനവും ലഭ്യമാണ്.
ആവശ്യമായി വരുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് ഡി.സി.സി ആയി പ്രവർത്തിപ്പിക്കുന്നത്തിനു വേണ്ട കാര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുന്ന കെയർസെന്ററിന് സർക്കാർ ഉദ്യോഗസ്ഥതലങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ സംഘടനകളിൽ നിന്നുമുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പൂർണ പിന്തുണയാണ് കിട്ടുന്നതെന്ന് കോ ഓർഡിനേറ്റർമാരായ പി.ആർ. മധു, എ.വി. പ്രസാദ്, പി.ജി. സജീവ്, സി.എം. ദിനൂപ്, ആർ. സന്ദീപ് എന്നിവർ പറഞ്ഞു.