കൊച്ചി: എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊവിഡ് ഭീതി ഒഴിയും വരെ മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇതു സംബന്ധിച്ച് മേയ് 18 നകം ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. പൊതുയോഗവും തിരഞ്ഞെടുപ്പും 22 ന് ചേർത്തല എസ്.എൻ കോളേജിൽ നടത്താനായിരുന്നു തീരുമാനം.
കൊല്ലം വവ്വാക്കാവ് സ്വദേശി ആർ. വിനോദ് കുമാർ ഉൾപ്പെടെ നാലു പേരുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും കൊവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നതിനെ എതിർക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ അഭിഭാഷകൻ എ.എൻ. രാജൻബാബു വ്യക്തമാക്കി. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്. കൊവിഡ് മാനദണ്ഡം പാലിച്ച് മേയ് 22 ന് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു.
വിധിയെ സ്വാഗതം
ചെയ്ത് വെള്ളാപ്പള്ളി
കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇന്ത്യൻ കമ്പനി നിയമത്തിലെ നോൺ ട്രേഡിംഗ് കമ്പനി ആക്ട് പ്രകാരമാണ് യോഗം പ്രവർത്തിക്കുന്നത്. കമ്പനി നിയമപ്രകാരം വാർഷിക ജനറൽ ബോഡികൾ തമ്മിലുള്ള അന്തരം പരമാവധി 15 മാസമാണ്. ഇതനുസരിച്ച് വാർഷിക പൊതുയോഗം 2020 ആഗസ്റ്റിൽ നടക്കേണ്ടിയിരുന്നതാണ്.
യോഗത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗക്കാർ കോടതി വ്യവഹാരങ്ങൾ സൃഷ്ടിച്ചതുകൊണ്ടാണ് പൊതുയോഗം ഈ മാസം 22 ലേക്കു നീണ്ടത്. കമ്പനി ലാ ട്രൈബ്യൂണലിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് പൊതുയോഗം നിശ്ചയിച്ചത്. തീയതി നിശ്ചയിക്കുമ്പോൾ കൊവിഡ് വ്യാപനം ഇത്ര തീവ്രമായിരുന്നില്ല.
കൊവിഡ് രണ്ടാം വ്യാപന ഘട്ടത്തിലേക്ക് പൊതുയോഗത്തെ എത്തിച്ചത് അനാവശ്യമായി കോടതി വ്യവഹാരങ്ങൾ സൃഷ്ടിച്ചവരാണ്. ഇപ്പോഴത്തെ നേതൃത്വം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ശ്രമിച്ചാൽ കുപ്രചാരകർ അത് മറ്റൊരു തരത്തിൽ ആയുധമാക്കും. അതുകൊണ്ടാണ് അതിനു ശ്രമിക്കാതിരുന്നത്. കോടതി ഉത്തരവനുസരിച്ച്, ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്ന തീയതിയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഭംഗിയായി സംഘടിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.