edvanakad
കടൽക്ഷോഭത്തെ തുടർന്ന് എടവനക്കാട് അണിയലിൽ കടൽ അടിച്ചുകയറുന്നു.

വൈപ്പിൻ: വൈപ്പിനിലെ തീരദേശങ്ങളിൽ കടൽഅടിച്ചുകയറുകയാണ്. എല്ലാ കാലവർഷങ്ങളിലും കടൽക്ഷോഭം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കാലേകൂട്ടി തന്നെയാണ് കടൽകയറ്റം. നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് അണിയൽ, കൂട്ടുങ്കൽചിറ, നേതാജി റോഡ് പടിഞ്ഞാറ്, സെയ്ത് മുഹമ്മദ് റോഡ് പടിഞ്ഞാറ്, വില്ലേജ് റോഡ്, ചാത്തങ്ങാട് എന്നിവിടങ്ങളിലെ വീടുകളിലേക്കും പറമ്പുകളിലേക്കും കടൽവെള്ളം അടിച്ചുകയറിക്കൊണ്ടിരിക്കുന്നു.

കടൽഭിത്തി ഇടിഞ്ഞുകിടക്കുന്നിടം വഴിയും കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലൂടെയും മറ്റിടങ്ങളിൽ കടൽഭിത്തിക്ക് മുകളിലൂടെയും തിരയടിച്ചാണ് വെള്ളവും മണലും അടിച്ചുകയറുന്നത്. മണ്ണ് അടിച്ചുകയറുന്നിടങ്ങളിൽ റോഡിൽ മണ്ണുനിറഞ്ഞ് ഗതാഗതവും തടസപ്പെട്ടു. ഇവിടങ്ങളിൽ നിന്ന് രോഗികളെ ചുമന്നുതന്നെ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. എടവനക്കാട് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റുകൾ ചരിഞ്ഞതിനാൽ ഇവിടങ്ങളിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

 ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു

കടൽക്ഷോഭത്തിനിരയായ കുടുംബങ്ങളെ അവിടെനിന്ന് നായരമ്പലം ദേവിവിലാസം സ്‌കൂൾ, ഭഗവതി വിലാസം സ്‌കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഭഗവതി വിലാസത്തിൽ കൊവിഡ് ബാധിതരേയും ക്വാറന്റെയിനിൽ കഴിയുന്നവരേയും ദേവി വിലാസത്തിൽ മറ്റുള്ളവരേയും താമസിപ്പിക്കാനാണ് ഒരുങ്ങുന്നത്. കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ നിയുക്ത എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് എന്നിവർ സന്ദർശിച്ചു.