വൈപ്പിൻ: പേമാരിയും കടലാക്രമണവും മൂലം ദുരിതത്തിലായ വിവിധ പ്രദേശങ്ങളിലെത്തി നിയുക്ത എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണൻ സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസത്തിന് സാദ്ധ്യമായ എല്ലാ ക്രമീകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്താൻ ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി. ദുരിതത്തിലായവർക്ക് സൗജന്യറേഷനു പുറമെ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരവും ഉറപ്പാക്കും.
റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കഴിയുന്നത്രവേഗം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തും. കടലാക്രമണ ഭീഷണിയിലുള്ള പ്രദേശങ്ങളിൽനിന്ന് ആളുകൾ കഴിവതും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ഫയർഫോഴ്‌സും പൊലീസും ദേശീയ ദുരിതനിവാരണസേനയും പ്രകൃതിക്ഷോഭ മുഖത്ത് കർമ്മനിരതരാണ്. കൊവിഡ് മഹാമാരിയുടെ കഷ്ടപ്പാടുകൾക്കിടയിലും മികച്ച നിലയ്ക്കാണ് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് അവലോകന ചർച്ചകൾക്കുശേഷം കെ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.