കൊച്ചി: മുസ്‌ലിംലീഗിന്റെ മുതിർന്ന നേതാവും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി കോർപറേഷൻ മുൻ മേയറുമായ കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. കൊച്ചി എസ്.ആർ.എം റോഡിലെ വസതിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: നബീസ.മക്കൾ: മുഹമ്മദ്, മുംതാസ്. മരുമക്കൾ: റാബിയ, പരേതനായ മുഹമ്മദ് സിദ്ദിഖ്. വ്യാപാരപ്രമുഖനും എറണാകുളം മുൻ മുനിസിപ്പൽ ചെയർമാനുമായ പരേതനായ കെ.ബി. മുഹമ്മദിന്റെയും മുനമ്പം പള്ളിപ്പുറം പുത്തൻവീട്ടിൽ പരേതയായ കുഞ്ഞുബി പാത്തുവിന്റെയും മകനാണ്.
1982ൽ മട്ടാഞ്ചേരിയിൽ നിന്നാണ് മുസ്‌ലിം ലീഗ് പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982- 86 കാലയളവിൽ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചു. തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് മുസ്‌ലിംലീഗ് സ്ഥാപക നേതാവും മുൻ സ്പീക്കറുമായ കെ.എം. സീതി സാഹിബുമായുള്ള അടുപ്പത്തെ തുടർന്നാണ് മുസ്‌ലിംലീഗിൽ എത്തിയത്.
1973ൽ കൊച്ചി മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടരവർഷം മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി പ്രവർത്തിച്ചു. 50 വർഷം കൊച്ചി കോർപ്പറേഷൻ കൗൺസിലറും കൊച്ചി കോർപ്പറേഷൻ രൂപീകരിക്കുന്നതിനു മുമ്പ് എറണാകുളം മുനിസിപ്പാലിറ്റി അംഗവുമായിരുന്നു. 1969ൽ കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷം ആദ്യ കൗൺസിലിൽ അംഗമായി.
മുസ്‌ലിംലീഗ് നേതാവ് അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് ജില്ലാ പ്രസിഡന്റായിരിക്കെ 1975 മുതൽ ദീർഘകാലം മുസ്‌ലിംലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ അംഗം, ജി.സി.ഡി.എ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ദാറുൽ സലാം പള്ളി പ്രസിഡന്റായിരുന്നു.
കെ.എം. ഹംസക്കുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരും അനുശോചനമറിയിച്ചു.