കൊച്ചി: കഴിഞ്ഞ രണ്ടുദിവസമായി ഇടമുറിയാതെ പെയ്ത കനത്ത മഴയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, പി.ആൻഡ് ടി കോളനി,കർഷക റോഡ്, കളത്തിപ്പറമ്പ് റോഡ്, പനമ്പള്ളിനഗർ, സ്റ്റേഡിയം ലിങ്ക് റോഡ്, ജഡ്‌ജസ് അവന്യു, എം.ജി.റോഡ്, കലൂർ കെ.എസ്.ഇ.ബി ഓഫീസ്, കീർത്തിനഗർ,വൈറ്റില തൈക്കൂടം തുടങ്ങിയ ഭാഗങ്ങൾ വെള്ളത്തിലായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ മേയ് 15 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കർശനനിർദ്ദേശം നൽകിയിട്ടും മുൻവർഷങ്ങളിലെ അതേ കാഴ്ചകൾ ഇത്തവണയും ആവർത്തിച്ചു.മഴക്കാലം തൊട്ടടുത്തെത്തിയിട്ടും പേരണ്ടൂർ കനാലിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.ഓപ്പറേഷൻ ബ്രേക് ത്രൂവിന്റെ തുടർപ്രവർത്തനങ്ങൾ പുനരാരംഭിക്കാത്തതും തിരിച്ചടിയായി. മുൻവർഷം ഇതേചൊല്ലി കോർപ്പറേഷനും ജില്ല ഭരണകൂടവും തമ്മിൽ നിലനിന്നിരുന്ന തർക്കം ഇപ്പോഴും തുടരുന്നു .
വെള്ളം പമ്പു ചെയ്ത് നീക്കി
ഒറ്റ മഴയിൽ മുങ്ങുന്ന നഗരമെന്ന കുപ്രസിദ്ധി മായ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചുവെന്ന് ഇന്നലത്തെ മഴ തെളിയിച്ചു.
ഡിവിഷൻതലത്തിലുള്ള ചെറിയ കാനകൾ നേരത്തെ തന്നെ വൃത്തിയാക്കി. പേരണ്ടൂർ ഉൾപ്പെടെയുള്ള വലിയ തോടുകളുടെ ശുചീകരണങ്ങൾ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പേമാരിയുടെ വരവ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക് ഡൗണും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളെയും ബാധിച്ചു. വെള്ളക്കെട്ടുണ്ടായ എല്ലാ സ്ഥലങ്ങളിലും പമ്പിംഗ് നടത്തി വെള്ളം നീക്കി. കുറെ ഭാഗങ്ങളിൽ പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
സുനിത സിക്സൺ
മരാമത്ത് സമിതി അദ്ധ്യക്ഷ
തടയണ പൊളിച്ചുമാറ്റി
ഇടപ്പള്ളി ബി.ടി.എസ് റോഡ് ചങ്ങാടംപോക്ക് തോട്ടിലെ തടയണ ഇന്നലെ പൊളിച്ചുമാറ്റി. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച തടയണ വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന പരാതിയെ തുടർന്നാണ് നീക്കം ചെയ്തത്. തോടിന്റെ കരയിലുള്ള വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറിയിരുന്നു. കറുകപ്പള്ളി ഭാഗത്തും വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പനമ്പള്ളിനഗർ, കാരണക്കോടം, തേവര, പേരണ്ടൂർ,കലൂർ കെ.എസ്.ബി സ്റ്റേഷൻ, കറുകപ്പള്ളി, എന്നീ പ്രദേശങ്ങളിലാണ് പമ്പിംഗ് നടത്തി വെള്ളം നീക്കം ചെയ്തത്.