തൃപ്പൂണിത്തുറ: പ്രവാസിയുടെ മട്ടുപ്പാവ് കൃഷി നാടിന്റെ വിശപ്പകറ്രുന്നു. ഉദയംപേരൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് വയനപ്പിള്ളിൽ വീട്ടിൽ വി. ആർ വിനുവാണ് കമ്മ്യൂണിറ്റി കിച്ചണിന് ആവശ്യമായ പച്ചക്കറികൾ തന്റേ കൃഷിയടത്തിൽ നിന്നും നൽകിയത്. ഇവിടെ വിളയുന്ന നാടൻ പച്ചക്കറികൾ ബന്ധുക്കൾക്കും ഓണക്കിറ്റായി നാട്ടുകാർക്കെല്ലാമാണ് വിനു നൽകുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗവും സുഹൃത്തുമായ അജിമോൻ കമ്മ്യൂണിറ്റി കിച്ചണിനെക്കുറിച്ച് വിനുവിനോട് പറഞ്ഞു. അതിനെന്താ ആവശ്യത്തിന് പച്ചക്കറികൾ തരാമല്ലോയെന്ന് മറുപടി. പത്ത് കിലോ പച്ചക്കറിയും, തേങ്ങ, കപ്പ, പഴക്കുല, വാളൻപുളി എന്നിവ നൽകി. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഇവ ഏറ്റുവാങ്ങി.
5 വർഷം മുമ്പാണ് വിനു നാട്ടിലെത്തിയത്. അമ്മ അസുഖബാതിതയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ലീവെടുത്തു വരികയായിരുന്നു. എന്നാൽ അമ്മയെ ഒറ്റയ്ക്കാക്കി തിരികെ പോകാൻ വിനു തയ്യാറായില്ല. തുടർന്ന് നാട്ടിൽ കൂടുകയായിരുന്നു. ഇതിനിടെയാണ് സമയം പോക്കിനെന്നോണം മട്ടുപ്പാവ് കൃഷിയിലേക്ക് തിരിഞ്ഞത്.റാസൽഖൈമയിലും ദുബായിയിലും ഇടവേളകളിൽ പച്ചക്കറി ക്യഷി ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകിയ അനുഭവം കരുത്തായി.750 ചതുരശ്ര അടി വിസ്തൃതിയുള്ള ടെറസിൽ വള്ളിപ്പയർ ,വെണ്ട, വഴുതന ,പാവക്ക, നാല് തരം ചീരകൾ, തക്കാളി, കാന്താരി ,പച്ചമുളക് എന്നിവയാണ് യഥേഷ്ടം വിളഞ്ഞു.ഗുണനിലവാരമുള്ള മലബാറി, ജംനപ്യാരി ആടുകളും ഇദ്ദേഹത്തിനുണ്ട്. പുരയിടത്തിലും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ സിന്ധുവും മകൾ ലക്ഷ്മിയുമാണ് വിനുവിന് കരുത്തും പിന്തുണയും .കൃഷി ഓഫീസർ സുനിൽ കുമാറും തനിക്ക് പ്രോത്സാഹനമാണെന്ന് വിനു പറയുന്നു.