ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡിൽ മാത്രം ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് നാലുപേർ മരണത്തിന് കീഴടങ്ങിയതോടെ കിഴക്കെ കടുങ്ങല്ലൂർ നിവാസികൾ ആശങ്കയിലായി. കൊവിഡ് ബാധിച്ച് ജ്യേഷ്ഠൻ മരിച്ച് 14 -ാം നാളിലാണ് ചികിത്സയിലായിരുന്ന അനുജനും ഇന്നലെ മരിച്ചത്.

കിഴക്കേ കടുങ്ങല്ലൂർ മൂത്തേടത്ത് ര‌ഞ്ജിത്താണ് (44) ഇന്നലെ മരിച്ചത്. രഞ്ജിത്തിന്റെ ജ്യേഷ്ഠൻ രാജീവ് കഴിഞ്ഞ 30നാണ് മരണത്തിന് കീഴടങ്ങിയത്. വീട്ടിലെ എല്ലാവരും കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു. രാജീവിന്റെ ഭാര്യ ഗീതു, ഒന്നരവയസുള്ള മകൻ സിദ്ധാർത്ഥ് എന്നിവർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

മുല്ലേപ്പിള്ളി റോഡിൽ ജയരാജ് (54), ആലങ്ങായി പള്ളത്ത് പരമേശ്വരൻ പിള്ള (54) എന്നിവരാണ് അഞ്ചാംവാർഡിൽ കൊവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ടുപേർ. ജയരാജ് മേയ് മൂന്നിനും പരമേശ്വരൻപിള്ള 13നുമാണ് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിൽ ഒന്നാണ് കടുങ്ങല്ലൂർ. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന ആരോപണം ശക്തമാണ്. നിലവിൽ 750ൽ അധികം കൊവിഡ് രോഗികളുള്ള പഞ്ചായത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നാണ് കഴിഞ്ഞദിവസം താത്കാലിക ചികിത്സാകേന്ദ്രം തുറന്നത്.

മാറിത്താമസിക്കാൻ സൗകര്യമില്ലാത്തവർ ഒന്നിച്ച് താമസിക്കുന്നതാണ് വീട്ടിലെ മറ്റുള്ളവരിലേക്കും രോഗം പകരാൻ കാരണം. നേരത്തെ ഡി.സി.സികൾ തുറന്നിരുന്നെങ്കിൽ വ്യാപനം പിടിച്ചു നിർത്താനാകുമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രോഗികളുടെ വർദ്ധനവിന് കാരണം പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണന്ന് മുല്ലേപ്പിള്ളി റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ മുല്ലേപ്പിള്ളി ആരോപിച്ചു.