synthite
സിന്തൈറ്റിന്റെ വാക്സിൻ ക്യാമ്പ് കുന്നത്തുനാട് നിയുക്ത എം.എൽ.എ പി. വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്യുന്നു.

കോലഞ്ചേരി: 5000 ഡോസ് വാക്സിൻ. അത് സൗജന്യമായി ലഭിക്കുന്നത് ജീവനക്കാ‌ർക്കും പഞ്ചായത്തിലെ നിർദ്ധനർക്കും ! വ്യവസായ മേഖലയിൽ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് പ്രമുഖ കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ്. ഭാരത് ബയോ ടെക്കിൽ നിന്ന് സിന്തൈറ്റ് സ്വന്തമായി വാങ്ങിയ വാക്സിനാണ് കമ്പനിയിലെ ജീവനക്കാ‌ർക്ക് സൗജന്യമായി നൽകുന്നത്. ശേഷിക്കുന്ന വാക്സിൻ സ്ഥാപനം പ്രവ‌ർത്തിക്കുന്ന ഐക്കരനാട്ട് പഞ്ചായത്തിലെ 50 വയസിന് മുകളിൽ പ്രായമായ നി‌ർദ്ധന‌ർക്ക് നൽകും. സൗജന്യ കൊവിഡ് വാക്‌സിൻ പദ്ധതിക്ക് ഇന്നലെ തുടക്കമായി.

രാജ്യത്ത് ആദ്യമാണ് ഒരു വ്യവസായ സ്ഥാപനം സ്വന്തമായി വാക്‌സിൻ വാങ്ങി അത് സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത്. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2500 ഡോസ് വാക്സിൻ എത്തിച്ചു കഴിഞ്ഞു. രണ്ടാംഘട്ടം വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് നൽകും.

മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ വാക്‌സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിന്തൈ​റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.വിജു ജേക്കബ് അദ്ധ്യക്ഷനായി.മെഡിക്കൽ കോളേജ് സെക്രട്ടറി ജോയ് പി.ജേക്കബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, അഡ്മിനിസ്‌ട്രേ​റ്റീവ് ഡയറക്ടർ പി.വി. തോമസ്, മെഡിക്കൽ കോളേജ് ഡീൻ ഡോ.ദിവാകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.വി. ജേക്കബിന്റെ പേരിലുള്ള സി.വി.ജെ ഫൗണ്ടേഷൻ വഴിയാണ് വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നത്.