ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി) നിയുക്ത എം.എൽ.എ പി. രാജീവ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. എടയാർ സുഡ് കെമി പഞ്ചായത്തിനു സൗജന്യമായി നൽകിയ ആംബുലൻസ് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
16ാം വാർഡ് നിവാസി മുപ്പത്തടം വിനോദ് വാങ്ങി നൽകിയ 25 പൾസ് ഓക്‌സിമീറ്ററുകൾ പി. രാജീവിനു കൈമാറി. ഇത് ബിനാനിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുപ്പത്തടം മനയ്ക്കപ്പടി സ്വദേശിനി രത്നമ്മ സംഭാവനയായി നൽകിയ തുക പഞ്ചായത്തംഗം കെ.എൻ. രാജീവിൽനിന്ന് പി. രാജീവ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവൻ, കെ.എൻ. രാജീവ്, പി.കെ. സലിം, മുഹമ്മദ് അൻവർ, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. തിലകൻ എന്നിവർ പങ്കെടുത്തു.