പള്ളുരുത്തി: തോരാമഴയിലും വേലിയേറ്റത്തിലും മുങ്ങി ചെല്ലാനം. പ്രദേശത്തെ മഹാഭൂരിഭാഗം വീടുകളും വെള്ളത്തിലായി. വീട്ടുപകരങ്ങളും മറ്റും വെള്ളത്തിൽ ഒഴുകിനടക്കുന്ന സ്ഥിതിയാണ്. പലരും ബന്ധുവീടുകളിലേക്ക് മാറി.ചില കുടുംബങ്ങൾ രണ്ടാം നിലയിൽതന്നെ കഴിയുകയാണ്.കൊവിഡ് ഭീതിയുള്ളതിനാൽ ആരും ക്യാമ്പിലേക്ക് പോകാൻ തയ്യാറാകുന്നില്ല. ഇതു പ്രതിന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. സന്നദ്ധപ്രവ‌ർത്തകർ നൽകുന്ന ഭക്ഷണമാണ് ചെല്ലാനത്തുകാരുടെ വിശപ്പകറ്റിയത്. രാവിലെയും വൈകിട്ടും സന്നദ്ധപ്രവർത്തക‌ർ ഭക്ഷണം എത്തിക്കുന്നുണ്ട്.പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികൾ ആരും തന്നെ ആദ്യദിവസം എത്തിയിരുന്നില്ല.ഇന്നലെ എറണാകുളം കൊച്ചി എം.എൽ.എമാരും എം.പിയുമടക്കം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാലവർഷം തുടങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ എത്തിയ ന്യൂനമർദ്ദം ഒരു ദിവസത്തേക്ക് ഉണ്ടാവുകയുള്ളൂ എന്നാണ് നാട്ടുകാർ കരുതിയിരുന്നത്. ജൂൺ മാസം തുടങ്ങുമ്പോഴുള്ള അവസ്ഥ ഓർത്ത് പലരുടെയും ഉള്ളിൽ തീയാണ്.തോപ്പുംപടി തുടങ്ങുന്ന സൗദി - മാനാശേരി ഭാഗം മുതൽ തെക്കെ ചെല്ലാനംം വരെ സ്ഥിതി അതിദയനീയമാണ്. അവശ്യസാധനങ്ങൾ പോലും വാങ്ങാൻപുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.