കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം കൗൺസിലറായെന്ന ബഹുമതി കെ.എം.ഹംസകുഞ്ഞിന് അവകാശപ്പെട്ടതാണ്. 50 വർഷം കൗൺസിലറായി. രണ്ടു വർഷം മേയർ പദവി അലങ്കരിച്ചു. കോൺഗ്രസിലൂടെ രാഷ്‌ട്രീയ ജീവിതം തുടങ്ങിയ ഹംസകുഞ്ഞ് പിന്നീട് മുസ്‌ലിംലീഗിൽ ചേർന്നു. മട്ടാഞ്ചേരി എം.എൽ.എ,ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികൾ വഹിച്ചു. പാർട്ടിയുമായുണ്ടായ ചില അഭിപ്രായവത്യാസങ്ങളെ തുടർന്ന് സി.പി.ഐയിൽ ചേർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എ സ്ഥാനാർത്ഥിയായി പൊന്നാനി മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. പിന്നീട് ലീഗിലേക്ക് തിരിച്ചെത്തിയെങ്കിലും ജീവിതത്തിന്റെ അവസാനകാലത്ത് എൻ.സി.പിയിൽ ചേർന്നു.

തൃക്കണാർവട്ടം, കലൂർ ഭാഗങ്ങളിൽ നിന്നാണ് നഗരസഭയിലേക്ക് സ്ഥിരമായി മത്സരിച്ച് വിജയിച്ചിരുന്നത്. മുൻ യു.ഡി.എഫ് കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു. എൻ.സി.പിയുടെ ബാനറിലാണ് ഏറ്റവും ഒടുവിൽ തൃക്കണാർവട്ടത്തുനിന്ന് വിജയിച്ചത്. സരസമായ സംഭാഷണമായിരുന്നു ഹംസകുഞ്ഞിന്റെ സവിശേഷത. ഭരണ,പ്രതിപക്ഷ ഭേദമന്യെ എല്ലാ അംഗങ്ങളുടെയും ആദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സഭയിൽ സംഘർഷമുണ്ടാകുന്ന ഘട്ടങ്ങളിൽ മദ്ധ്യസ്ഥന്റെ റോളിലും തിളങ്ങി. ശാരീരികമായ അവശതകളെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി പൊതുപരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

മേയർ അനുശോചിച്ചു

മുൻ മേയറും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ.എം. ഹംസകുഞ്ഞിന്റെ വിയോഗത്തിൽ മേയർ അഡ്വ.എം.അനിൽകുമാർ അനുശോചിച്ചു. രണ്ട് കൗൺസിലിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം മരാമത്ത് സ്ഥിരംസമിതി സ്റ്റാൻറിംഗ് ചെയർമാനായിരുന്നപ്പോൾ ആ കമ്മിറ്റിയിൽ അംഗമായിരുന്നു. സാധാരണ മനുഷ്യരുടെ ഏതാവശ്യങ്ങൾക്കും മുന്നിട്ടിറങ്ങിയ നേതാവായിരുന്നു കെ.എം. ഹംസകുഞ്ഞ്. അനാഥർ, തെരുവിൽ കച്ചവടം നടത്തുന്നവർ, നിരാലംബർ, വികലാംഗർ എന്നിങ്ങനെ സാധാരണ മനുഷ്യർക്ക് തണലേകിയ ഒരു വൻ വൃക്ഷമായിരുന്നു കെ.എം. ഹംസകുഞ്ഞെന്ന് മേയർ പറഞ്ഞു.