കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി റിഫൈനറി സജ്ജമാക്കിയ താത്കാലിക കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഓക്‌സിജൻ കിടക്കകളുടെ എണ്ണം 1500 ആയി ഉയർത്തുമെന്ന് റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന അറിയിച്ചു. റിഫൈനറിയുടെ സമീപത്ത് സജ്ജമാക്കിയ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായത്. ആരോഗ്യവകുപ്പാണ് കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന ആശുപത്രികൾക്കായി മൂന്ന് ഓക്‌സിജൻ ജനറേറ്ററുകൾ നൽകുമെന്നും സഞ്ജയ് ഖന്ന ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഓക്‌സിജൻ ഉത്പാദന പ്ലാന്റിൽ നിന്ന് നേരിട്ട് ആയിരത്തിലധികം ഓക്‌സിജൻ കിടക്കകളിലേക്ക് ഓക്‌സിജൻ വിതരണ സംവിധാനം സജ്ജമാക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എട്ട് കോടി രൂപയുടെ പ്രവർത്തനങ്ങൾ റിഫൈനറി നടത്തി. 12 ടൺ വരെ പ്രതിദിന ഓക്‌സിജൻ ഉത്പാദനം കൊച്ചി റിഫൈനറിയിൽ സാദ്ധ്യമാക്കും. പുറമെ പ്രതിദിനം മൂന്ന് മുതൽ നാല് ടൺ ദൃവീകൃത ഓക്‌സിജൻ ഉത്പാദനവും കൊച്ചി യൂണിറ്റിൽ സാദ്ധ്യമാകും. കുറഞ്ഞ സമയത്തിനുളളിൽ താത്കാലിക ചികിത്സാ കേന്ദ്രം ഒരുക്കിയതും ഓക്‌സിജൻ ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചതും റിഫൈനറിയുടെ പ്രവർത്തന മികവാണെന്നും അദ്ദേഹം പറഞ്ഞു. റിഫൈനറി ചീഫ് ജനറൽ മാനേജർ കുര്യൻ ആലപ്പാട്ട്, ജോയ്‌സ് തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.