കൊച്ചി:കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും 82 പഞ്ചായത്തുകളിലും ഡി.സി.സികളും എഫ്.എൽ.ടി.സികളും യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് ആവശ്യപ്പട്ടു. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും പ്രത്യേകം നിയോഗിച്ചിട്ടുള്ള നോഡൽ ഓഫീസറും ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ റീജണൽ ജോയിന്റ് ഡയറക്ടർക്ക് ഉടനടി റിപ്പോർട്ട് നൽകണം.പഞ്ചായത്ത് വാർഡ് തലങ്ങളിൽ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് കൂടുതൽ സന്നദ്ധ സേവകരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകണം. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത 20000 സന്നദ്ധ സേവകരെ അതാത് പഞ്ചായത്തുകളിൽ ഉപയോഗപ്പെടുത്തണം. അവരെ ഉപയോഗിച്ച് കൊവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും ആവശ്യക്കാർക്ക് മരുന്നും എത്തിച്ച് നൽകണം.കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആംബുലൻസ് സേവനവും ഏർപ്പെടുത്തണം.നിലവിൽ പ്രവർത്തിക്കുന്ന ഡി.സി.സി എഫ്.എൽ.ടി.സികൾ വെള്ളം കയറുന്ന പ്രദേശത്ത് ഉള്ളവയുണ്ടെങ്കിൽ ഉടൻ തന്നെ ഇവ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ ചെയർമാൻ കൂടിയായ ഉല്ലാസ് തോമസ് അറിയിച്ചു.