പറവൂർ: കനത്ത മഴ പറവൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കി. വാവക്കാട് വലിയവീട്ടിൽ രത്ന്നമ്മയും മകൻ ഹരിയും താമസിക്കുന്ന ഓടിട്ട പഴയ വീടിന്റെ മേൽക്കൂര വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ തകർന്നു. അപകടസമയം വീട്ടിലുണ്ടായിരുന്ന രത്നമ്മ പരിക്കേൽക്കാതെ രക്ഷപെട്ടു. വീട്ടുകാരെ പകൽവീട്ടിലേക്ക് മാറ്റി. വടക്കേക്കര പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. അപകടത്തിന്റെ വിവരങ്ങൾ മൂത്തകുന്നം വില്ലേജ് ഓഫിസർക്ക് കൈമാറി.
പെരുമ്പടന്ന – ചെറായി റൂട്ടിൽ ചെറായി പാലത്തിന് സമീപം റോഡരികിലുള്ള മരം ഇന്നലെ ഉച്ചയോടെ കടപുഴകി റോഡിന് കുറുകെ വീണത് ഏറെനേരം ഗതാഗത തടസമുണ്ടാക്കി. പൊലീസും ഫയർഫോഴ്സും എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വേലിയേറ്റവും മഴയും ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയിട്ടുണ്ട്. പുത്തൻവേലിക്കര, ഏഴിക്കര തുടങ്ങി കൃഷി ഏറെയുള്ള പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ പലതും വെള്ളത്തിലാണ്. നെൽക്കൃഷിയും മറ്റു കൃഷികളും വ്യാപകമായി നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ മീതെ വെള്ളം ഒഴുകുന്നത് മണൽബണ്ട് പൊട്ടാൻ ഇടയാക്കുമോയെന്ന ആശങ്കയുണ്ട്. ശക്തമായ മഴയിൽ മേഖലയിൽ എല്ലായിടത്തും തന്നെ വൈദ്യുതി തടസമുണ്ടായി. പുത്തൻവേലിക്കര മേഖലയിൽ കുറച്ചു നാളുകളായി കാറ്റടിച്ചാൽ വൈദ്യുതി പോകുന്ന അവസ്ഥയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിലയിടത്ത് ബുധനാഴ്ച രാത്രി പോയ വൈദ്യുതി ഇന്നലെ ഉച്ചയോടെയാണ് പുന:സ്ഥാപിച്ചത്.