പറവൂർ: നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൈവിദ്ധ്യമാർന്ന അതിജീവനപദ്ധതി പറവൂർ സഹകരണബാങ്ക് ആരംഭിച്ചു. ബാങ്ക് പരിധിയിലെ രോഗികൾക്ക് ആശുപത്രിയിലും മറ്റ് പരിശോധനകൾക്കുമായി ബാങ്കിന്റെ ആംബുലൻസും മറ്റൊരു വാഹനവും സൗജന്യസർവീസ് നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഹെൽപ്പ് ഡെസ്കും തുടങ്ങി. കൊവിഡ് രോഗികൾക്കും മറ്റ് മാരകരോഗങ്ങളുള്ള നിർദ്ധനർക്കും സൗജന്യമായി മരുന്നുകൾ വീട്ടിലെത്തിച്ചുനൽകും.
ബാങ്ക് പരിധിയിലുള്ള മുഴുവൻ അംഗകുടുംബങ്ങൾക്കും കൊവിഡ് പ്രതിരോധകിറ്റുകൾ നൽകും. ബാങ്ക് അംഗങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ ആർ.ടി.പി.സി.ആർ പരിശോധന വീടുകളിലെത്തി നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. ബാങ്കിന്റെ സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ എന്നിവവഴി അവശ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കുന്നതിനുള്ള ഹോം ഡെലിവറി തുടങ്ങിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനവും, വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവ്ഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, എം.പി. ഏയ്ഞ്ചൽസ്, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു. ഹെൽപ്പ് ഡെസ്ക് നമ്പർ: 7558085723, 7012O57605, 9446802318.