കൊച്ചി: മട്ടാഞ്ചേരിയിൽ ഓട്ടിസവും ബുദ്ധിവൈകല്യവുമുള്ള മകനെ തല കീഴാക്കി നിറുത്തിയുൾപ്പെടെ ക്രൂരമായി മർദ്ദിച്ച പിതാവിനെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് അറസ്റ്റു ചെയ്തു. മർദ്ദനം സഹിക്കവയ്യാതെ കുട്ടിയുടെ അമ്മ രംഗങ്ങൾ പകർത്തി ബന്ധുക്കൾക്ക് നൽകിയത് പൊലീസിന്റെ സാമൂഹ്യമാദ്ധ്യമ പേജിലും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ചെറളായി പുല്ലുപാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുധീറാ (45)ണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മർദ്ദനമേറ്റ കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി. കുട്ടിയുടെ നില ആശങ്കാജനകമല്ലെന്നും സംരക്ഷണത്തിനായി സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

കുട്ടികളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉത്തരവാദിത്വപ്പെട്ടവർ ഉപദ്രവിക്കുന്നതിനെതിരായ വകുപ്പ് ഉൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്ത്. ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. ദേഹാപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സുധീർ 18 വയസുള്ള മകനെ ഉപദ്രവിച്ചത്. മർദ്ദനം രൂക്ഷമായപ്പോൾ ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് ബന്ധുക്കൾക്ക് അയച്ചുനൽകി. അവരാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി വീഡിയോ പങ്കുവച്ചത്. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി സുധീറിനെ അറസ്റ്റു ചെയ്തു.

മുറിയുടെ മൂലയിൽ കിടക്കുന്ന കുട്ടിയെ വടികൊണ്ടാണ് അടിക്കുന്നത്. അടിക്കരുതെന്ന് കുട്ടിയുടെ അമ്മ കരഞ്ഞു പറഞ്ഞെങ്കിലും നിറുത്താൻ തയ്യാറായില്ല. വീഡിയോ താൻ നൽകി മറ്റുള്ളവരെ അറിയിക്കുമെന്ന് പറഞ്ഞതും കൂട്ടാക്കാതെ മർദ്ദനം തുടർന്നു. സുധീറിന്റെ അമ്മയെത്തി വടി പിടിച്ചുവാങ്ങിയെങ്കിലും ഇയാൾ പിന്മാറിയില്ല. മറ്റൊരു വടികൊണ്ട് വീണ്ടും അടിച്ചു. രണ്ടാമത്തെ വടിയും പിടിച്ചുവാങ്ങിയെങ്കിലും കൈകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് തുടർന്നു. കഴുത്തിൽ മുറുക്കിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് നിറുത്തി രണ്ടു കൈകളും മുകളിലേയ്ക്ക് ഉയർത്തിപ്പിടിച്ചിച്ചശേഷം വയറിൽ ചവിട്ടുകളും പലതവണ രണ്ടു കൈകൊണ്ടും മുഖത്തടിക്കുകയും ചെയ്തു. വയറിലും നെഞ്ചിലും അരക്കെട്ടിലും പലതവണ ചവിട്ടി. തുടർന്ന് കുട്ടിയെ തലകീഴാക്കി ഭിത്തിയിൽ ചാരിനിറുത്തിയും മർദ്ദനം തുടർന്നു. അരക്കെട്ടിലും കൈകളിലും പലതവണ ചവിട്ടുകയും ചെയ്യുന്നുണ്ട്. മർദ്ദിക്കരുതെന്ന് കുട്ടിയുടെ അമ്മയും വല്യമ്മയും പലതവണ കരഞ്ഞു പറയുന്നുണ്ടെങ്കിലും ഗൗനിക്കാതെ മർദ്ദനം തുടർന്നു.

കുട്ടിയുടെ രണ്ട് ഇളയ സഹോദരങ്ങളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. ബുദ്ധിവൈകല്യമുള്ള കുട്ടി വർഷങ്ങളായി ചികിത്സയിലായിരുന്നു. കൊവിഡ് മൂലം കുറെനാളായി ചികിത്സ നൽകിയിരുന്നില്ല. ഹോട്ടൽ തൊഴിലാളിയാണ് സുധീർ. ഇയാൾക്കും മാനസികപ്രശ്‌നമുണ്ടെന്ന് പറയപ്പെടുന്നതായി പൊലീസ് അറിയിച്ചു.