mai
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന് ഉത്തമ മാതൃകയാവുകയാണ് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ. യുവാക്കളെയും പ്രൊഫഷണൽസിനേയും ഉൾപ്പെടുത്തി നൂറിലേറെപ്പേരടങ്ങുന്ന കൊവിഡ് പ്രതിരോധ സേനയക്ക് രൂപം നൽകിയാണ് പ്രവർത്തനം. 24 മണിക്കൂറും സേവന സന്നദ്ധമായി ഹെൽപ്പ് ലൈൻ സംവിധാനവുമുണ്ട്. പ്രളയകാലത്തെ നേരിടാൻ പെൺകുട്ടികൾ അടക്കമുള്ള യുവസമൂഹം മുന്നോട്ടുവന്നിട്ടുണ്ട്. തുടങ്ങി 3 ദിവസംകൊണ്ട് ആയിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തനങ്ങളിൽ ഇവരുടെ സജീവ പങ്കാളിത്തമുണ്ട്. ഇവരിൽ 650 പേരും മണ്ഡലത്തിലുളളവരാണ്. മറ്റുള്ളവർ മൂവാറ്റുപുഴക്ക് പുറത്ത് ജോലി ചെയ്യുന്നവരും സന്നദ്ധ പ്രവർത്തനത്തിന് താത്പര്യമുള്ളവരുമാണ്.

 കൊവിഡ് പ്രതിരോധസേന

അഞ്ച് വിഭാഗമായി തിരിച്ചാണ് കൊവിഡ് പ്രതിരോധസേന പ്രവർത്തിക്കുന്നത്. കൊവിഡ് രോഗികളെ വിളിച്ച് അവരുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ് ആവശ്യമുള്ളവർക്ക് ടെലിമെഡിക്കൽ കൺസൾട്ടിംഗ് സൗകര്യം നൽകുകയാണ് ഒന്നാം വിഭാഗത്തിലുള്ളവർ ചെയ്യുക. വിവിധ വിഭാഗത്തിലുള്ള 18 സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ ടെലി മെഡിക്കൽ കൺസൾട്ടിംഗ് ലഭ്യമാണ്. ഇവരിൽ മരുന്ന് ആവശ്യമുള്ളവർക്ക് സൗജന്യമായി എത്തിച്ച് നൽകുകയാണ് രണ്ടാം വിഭാഗത്തിലുള്ളവർ ചെയ്യുക. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആവശ്യമായ ഭക്ഷ്യധാന്യക്കിറ്റുകൾ സൗജന്യമായി എത്തിച്ചുനൽകുകയാണ് മൂന്നാമത്തെ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സേനാംഗങ്ങൾ ചെയ്യുക. കൊവിഡ് രോഗികളുള്ള വീട്ടിലെ ആർക്കെങ്കിലും ആശുപത്രിയിലോ മറ്റ് പോകണമെന്നുണ്ടെങ്കിൽ അവർക്കായി സാനിറ്റൈസ് ചെയ്ത വാഹനമോ ആംബുലൻസ് സൗകര്യമോ നൽകുന്നതാണ്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഹെൽപ്പലൈൻ നമ്പരിൽ വിളിച്ച് സ്ഥലവും രോഗിയുടെ പേരും പറഞ്ഞാൽ സൗകര്യം ഏർപ്പെടുത്തും. കൊവിഡ് വന്ന് മാറിയവരുടെ വീടുകൾ സൗജന്യമായി സാനിറ്റൈസ് ചെയ്ത് നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൗൺസലിംഗ് നൽകും. പുസ്തകവായനയ്ക്കും മറ്റും താത്പര്യമുള്ളവർക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് നൽകുക തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുന്നതാണ് സന്നദ്ധസേനയുടെ പ്രവർത്തനം.