കൊച്ചി: കടൽ സമാധി സമരം, ഉപവാസം, റിലേ സത്യാഗ്രഹം, പട്ടിണി സമരം, കാൽനട ജാഥ... അതിജീവനത്തിനായി വ്യത്യസ്തമായ സമരമുറകൾ തീർത്ത് ചെല്ലാനംകാരുടെ സമരം 565 ദിവസം കഴിയുമ്പോഴും ദുരിതത്തിന് അറുതിയില്ല. കടൽകയറ്റത്തിന് ശാശ്വത പരിഹാരം വേണമെന്ന് ഇവിടുത്തുകാർ അലമുറയിടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വോട്ടുബാങ്കിനപ്പുറത്തേക്ക് ചെല്ലാനത്തുകാരെ രാഷ്ട്രീയപാർട്ടികളും പരിഗണിക്കുന്നില്ല. വാഗ്ദാനങ്ങൾ മാത്രമായി പദ്ധതികൾ അവസാനിക്കുമ്പോൾ ഒരോ മഴക്കാലത്ത് ഉയിരും വാരിപ്പിടിച്ച് ഓടേണ്ട ഗതികേടിലാണ് ചെല്ലാനം നിവാസികൾ.
രാഷ്ട്രീയക്കാരും സർക്കാർ സംവിധാനങ്ങളും തുണയായില്ല. ഗതിമുട്ടിയപ്പോൾ ചെല്ലാനം കൊച്ചി ജനകീയ വേദി രൂപം കൊണ്ടു. പിന്നെ സമരപരമ്പരകളുടെ കാലം.സ്ത്രീകളും കുട്ടികളും പോരാട്ടങ്ങൾക്കിറങ്ങി. 2018 ഒക്ടോബർ 28 ന് ചെല്ലാനം കമ്പനിപ്പടിയിൽ സമരപന്തൽ ഉയർന്നു. ലോക്ക്ഡൗണിൽ വീടുകൾ നിരാഹാര സമര ഭൂമിയാക്കി. ക്രിസ്മസിനടക്കം കൂട്ടമായി പട്ടിണി കിടന്ന് പ്രതിഷേധിച്ചു. എല്ലാം വെറുതേയായി. ഇക്കുറി കടൽപ്രക്ഷോഭമായിരിക്കുകയാണ്. കഴിഞ്ഞ തവണ വെള്ളം കയറാത്തിടങ്ങളിൽ വരെ കടൽവെള്ളമെത്തി. ഒഴുക്കിൽപ്പെട്ട് ഒരാളുടെ ജീവൻപൊലിഞ്ഞു. ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.
ചെല്ലാനത്തുകാരുടെ തീരാദുരിതം
2500ലധികം കുടുംബങ്ങളെ നേരിട്ടും അതിലിരട്ടി കുടുംബങ്ങളെ പരോക്ഷമായും കടൽകയറ്റം ബാധിക്കുന്നു. കാലവർഷത്തിനു പുറമേ ഒരോ ന്യൂനമർദ്ദവും വേലിയേറ്റവും ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പശ്ചിമതീരം ദുരിതക്കയത്തിലാവും.
ശാസ്ത്രീയ പരിഹാരം എന്ന നിലയിൽ ജിയോ സിന്തറ്റിക് ട്യൂബ് കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കുമെന്നുമായിരുന്നു സർക്കാർ വാഗ്ദാനം. 2019 ഫെബ്രുവരിയിൽ ജിയോ ട്യൂബ് ഭിത്തി പൂർത്തിയാക്കുമെന്ന ഉറപ്പ് ഇപ്പോഴും ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു. ഏതാനും പേരിൽ തുടക്കം കുറിച്ച് ജനകീയ വേദി ഇന്ന് 22 യൂണിറ്റുകളായി.
മറ്റൊരു ട്വന്റി 20യും
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച ട്വന്റി 20 എന്ന മറ്റൊരു സംഘടന വേലിയേറ്റ പ്രശ്‌നം ഉന്നയിച്ച് 21 അംഗ ചെല്ലാനം പഞ്ചായത്തിലെ എട്ട് സീറ്റുകൾ പിടിച്ചടക്കി രാഷ്ട്രീയക്കാരെ ഞെട്ടിച്ചു. ഇക്കുറിയും ട്വന്റി ട്വന്റിയ്‌ക്കൊപ്പം തന്നെയാണ് ചെല്ലാനത്തുകാർ നിലകൊണ്ടത്.
ശാശ്വത പരിഹാരമുണ്ടാവണം
ചെല്ലാനത്തെ സംരക്ഷിക്കാൻ കടൽഭിത്തിയും പുലിമുട്ടുപാടവും നിർമ്മിക്കുക, കപ്പൽ ചാലിൽ നിന്ന് ഡ്രഡ്ജ് ചെയ്യുന്ന എക്കൽ കൊണ്ട് തീരം പുനർനിർമിക്കുക, കടൽക്കയറ്റ പ്രതിരോധ നടപടികൾ മഴക്കാലത്തിന് മുമ്പ് പൂർത്തീകരിക്കുക തുടങ്ങിയതാണ് ഞങ്ങളുടെ ആവശ്യങ്ങൾ.
ജോസി ചെല്ലാനം
കൊച്ചി ജനകീയ വേദി