പിറവം: വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ പാമ്പാക്കുട അരുവിക്കൽ വെള്ളച്ചാട്ടത്തിനടുത്ത് പുളിംകുന്നേൽ അജേഷിന്റെ വീടിന്റെ പിൻവശം തോട്ടിലേക്ക് ഇടിഞ്ഞുവീണു. വീടിന്റെ ഒരു മൂലയുടെ അടിഭാഗം തറയിൽ നിന്ന് പൊളിഞ്ഞുമാറി നിൽക്കുകയാണ്. വാർഡ് മെമ്പർ റീനാമ്മ എബ്രഹാം വീട് സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. ഈ വീടിന്റെ പിറകുവശം കഴിഞ്ഞ മഴക്കാലത്ത് കുറച്ച് ഇടിഞ്ഞിരുന്നു. ഇതേത്തുടർന്ന് തോടിന്റെ ഭിത്തി കരിങ്കൽകെട്ടി വീട് സുരക്ഷിതമാക്കുന്നതിന് പഞ്ചായത്ത് കരാർ നൽകുകയും ചെയ്തതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. കരാറുകാരന്റെ അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.