pvs
സിജയുടെ ബന്ധു ശ്രീനിയ പരാതി നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിന് കൈമാറുന്നു

കിഴക്കമ്പലം: വീട്ടുകാർക്ക് കൊവിഡ് പകരാതിരിക്കാൻ തൊഴുത്ത് ക്വാറന്റെയിൻ കേന്ദ്രമാക്കിയ മലയിടംതുരുത്ത് അമ്പുനാട്ടിൽ മാന്താട്ടിൽ സാബു രോഗം ഗുരുതരമായി അമൃത ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സിജയും അമ്മ കാളിക്കുട്ടിയും ചേർന്ന് കുന്നത്തുനാട് നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിന് പരാതി നൽകി. കൊവിഡ് ബാധിതയായ സിജ ബന്ധുവീട്ടിൽ ചികിത്സയിലാണ്. അതിനാൽ അടുത്ത ബന്ധു ശ്രീനിത സജീവ് വഴിയാണ് പരാതി കൈമാറിയത്.

കഴിഞ്ഞ 26 നാണ് സാബുവിന് കൊവിഡ് പോസിറ്റീവായത്. ഭാര്യയും രണ്ടര വയസുകാരൻ മകനും പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സാബു കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് വീടിനോട് ചേർന്ന് പണിത തൊഴുത്ത് ക്വാറന്റെയിൻ കേന്ദ്രമാക്കിയത്. നാളുകളായി ഇവിടെ പശുക്കളെ കെട്ടിയിരുന്നില്ല. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയശേഷം വാർഡിലെ ആശാവർക്കറേയും പഞ്ചായത്ത് അംഗത്തേയും വിവരമറിയിച്ചെങ്കിലും പ്രാഥമികമായി ലഭിക്കേണ്ട സേവനമോ ചികിത്സയോ ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പാരസെറ്റമോൾ മാത്രം കഴിച്ച് തൊഴുത്തിൽ കഴിയുന്നതിനിടെ പഞ്ചായത്തിൽ ഡി.സി.സി ഇല്ലാത്തതിനാൽ മൂന്നാംദിവസം തൃപ്പൂണിത്തുറ ഡി.സി.സിയിലേക്ക് ആരോഗ്യവകുപ്പ് മാറ്റി. അവിടെയെത്തിയപ്പോൾ ശ്വാസതടസമുണ്ടായതോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ 2ന് സാബു ബന്ധുക്കളോട് ഫോണിൽ പരാതി പറഞ്ഞതോടെ സഹോദരിയുടെയും ഭർത്താവിന്റെയും അപേക്ഷ പരിഗണിച്ച് 3ന് രാത്രി 11 മണിയോടെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 7 ദിവസം വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും 10ന് മരണത്തിന് കീഴടങ്ങി. ഭർത്താവിന് പ്രാരംഭഘട്ടം മുതൽ നൽകിയ ചികിത്സയിലെ പിഴവാണ് മരണകാരണമെന്നും ഇതിനുത്തരവാദികളെ കണ്ടെത്തണമെന്നുമാണ് സിജ പരാതിയിൽ പറയുന്നത്. പരാതി റൂറൽ എസ്.പി ക്ക് കൈമാറിയതായി ശ്രീനിജിൻ അറിയിച്ചു.