മൂവാറ്റുപുഴ: വിലയിടിവിനെത്തുടർന്ന് ദുരിതത്തിലായ പൈനാപ്പിൾ, കപ്പ കർഷകരെ സഹായിക്കുന്നതിനായി ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ പൈനാപ്പിളും കപ്പയും സംഭരിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം കൃഷിവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പൈനാപ്പിളിനും കപ്പയ്ക്കും കുത്തനെ വിലയിടിഞ്ഞത്. എ ക്ലാസ് പച്ച പൈനാപ്പിളിന് നിലവിൽ കിലോയ്ക്ക് 15 രൂപയാണ്. പഴം പൈനാപ്പിൾ വാങ്ങാൻ ആളില്ലാത്തതിനാൽ ആർക്കും വേണ്ടാത്ത അവസ്ഥയാണ്. കപ്പക്കാണങ്കിൽ കിലോയ്ക്ക് നാല് രൂപയിൽ താഴെയാണ്. ഈ വിലക്കും കർഷകരിൽ നിന്നും കപ്പ വാങ്ങാൻ മൊത്തവ്യാപാരികൾ തയ്യാറാകുന്നില്ല. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് വിളവെടുക്കാൻ പാകത്തിന് കൃഷിചെയ്ത ഏക്കർ കണക്കിന് കപ്പ വാങ്ങാൻ ആളില്ലാതെ കൃഷിയിടത്തിൽ തന്നെ നിൽക്കുകയാണ്. വാളകം, മാറാടി, പായിപ്ര, മുളവൂർ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കപ്പക്കൃഷിയുള്ളത്. കാലവർഷം ആരംഭിച്ചാൽ വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണ്. പൈനാപ്പിളിനും സമാന അവസ്ഥയാണ് നിലവിലുള്ളത്. വാഴക്കുളം മേഖലയിലും പൈനാപ്പിൾ വിളവെടുക്കാനാകാതെ തോട്ടങ്ങളിൽ കിടന്ന് നശിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കമ്പനികൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.