മൂവാറ്റുപുഴ : നഗരസഭാ പരിധിയിലുള്ള കിഴക്കേക്കര ആശ്രമം ടോപ്പ്, മാമ്പിള്ളിമല, കുന്നപ്പിള്ളിമല,മോളേക്കുടിമല തുടങ്ങി പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുടിവെള്ള ടാങ്ക് പണിയണമെന്ന കൗൺസിൽ തീരുമാനത്തിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷം. കിഴക്കേക്കരയിൽ കുടിവെള്ള ടാങ്ക് പണിയണം എന്ന അജണ്ട കൗൺസിലിൽ പറയുകയും ഇതിനെ സംബന്ധിച്ച് കിഴക്കേക്കരയിൽ എവിടെയാണ് ടാങ്ക് വരേണ്ടതെന്ന് വ്യക്തത വരുത്തണം എന്ന് പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളിൽ ചിലർ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായും, ആ പ്രദേശത്തെ കൗൺസിലർമാരെയും വിളിച്ച് ചേർത്ത് തീരുമാനമെടുത്തതാണ്. വികസന സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനപ്രകാരം ഇതിനായി 55 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്നും വകയിരുത്തുകയും ചെയ്തു.കിഴക്കേക്കരയിൽ വാട്ടർ ടാങ്ക് പദ്ധതി കൊണ്ട് വരണം എന്ന് വികസന സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനമെടുക്കുകയും സ്വന്തം വാർഡിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കൗൺസിലിൽ തന്റെ വാർഡിലെ മാമ്പിള്ളിമലയിൽ പദ്ധതി വേണമെന്നും പറയുന്ന വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ ഇരട്ടത്താപ്പ് വാർഡിലെ മുഴുവൻ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.