മൂവാറ്റുപുഴ: മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്നലെ രാവിലെ 8ന് തുറന്നു. 50 സെന്റീമീറ്റർ വീതം മൂന്ന് ഷട്ടറുകളും ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. 63.429 ക്യുബിക് മീറ്റർ ജലമാണ് ഒഴുക്കുന്നത്. സംസ്ഥാനത്ത് ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതർ അറിയിച്ചു. കനത്ത മഴയോ മൂലമറ്റം പവർഹൗസിൽനിന്ന് വൈദ്യുതോത്പാദനശേഷം എത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടുകയോ ചെയ്താൽ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് ഒരു മീറ്റർ ആക്കി ഉയർത്തുമെന്നും അറിയിപ്പിൽ പറയുന്നു.