കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോൾ ഉല്പാദന, സേവന, വാണിജ്യ മേഖലകളിൽ ജീവനും ജീവിതവും തമ്മിലുള്ള പോരാട്ടം മുറുകുന്നു. ജീവൻ നിലനിറുത്തിയാലും ജീവനോപാധികൾ കൈവിട്ടുപോയാൽ എന്തുചെയ്യുമെന്നാണ് ചെറുകിടവ്യാപാരം, നിർമാണം, കാർഷിക വിപണി, വിനോദസഞ്ചാരം, വ്യോമഗതാഗതം, ഹോട്ടൽ മേഖലകളിൽ നിന്നുയരുന്ന ചോദ്യം.
23 ന് ശേഷവും ലോക്ഡൗൺ തുടരുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്തെ പൊതുസമ്പദ്ഘടന പൂർണമായും തകരുമെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. ടൂറിസം, വ്യോമഗതാഗത മേഖലകൾ പൂർണമായും അടച്ചുപൂട്ടേണ്ടിവരും. ഒന്നാം ലോക്ഡൗണിനുശേഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് തുടങ്ങുകയും അടഞ്ഞുകിടന്ന വിനോദസഞ്ചാരമേഖല സാവാധാനം തലയുയർത്തുകയും ചെയ്തപ്പോഴാണ് ഇടിത്തീപോലെ കൊവിഡിന്റെ രണ്ടാം തരംഗം. മഹാരാഷ്ട്രയിലെ തീവ്ര കൊവിഡ് വ്യാപനവും കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
ഡിസംബർ-ജനുവരി മുതൽ ഹോട്ടലുകളുടെ പ്രവർത്തനം 70-80 ശതമാനംവരെ കരകയറിയതാണ്. അതോടെ മടങ്ങിവന്ന അന്യസംസ്ഥാന തൊഴിലാളികൾ വീണ്ടും നാടുവിടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഏറെനാളത്തെ അനിശ്ചിതത്വത്തിന് ശേഷം പുനരാരംഭിച്ച നിർമാണമേഖലയും വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
അടുത്ത ഒരാഴ്ചത്തെ നിയന്ത്രണങ്ങൾക്കൊണ്ടും കൊവിഡ് വ്യാപനം തടയാനാകുന്നില്ലെങ്കിൽ ലോക്ഡൗൺ നീട്ടുന്നതിൽ അർത്ഥമില്ല. മദ്യശാലകൾ അടച്ചതുകൊണ്ട് ഫലത്തിൽ മദ്യത്തിന്റെ ഉപഭോഗമല്ല, സർക്കാരിന്റെ നികുതിവരുമാനമാണ് കുറയുന്നത്. വ്യാജമദ്യത്തിന്റെ ഉല്പാദനവും ഉപയോഗവും വർദ്ധിക്കുന്ന സാഹചര്യം തെറ്രായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കാനെ ഇടയാക്കു. അതുപോലെ എല്ലാമേഖലകളെയും അടച്ചുപൂട്ടൽ പ്രതികൂലമായി ബാധിക്കും. ആരോഗ്യവകുപ്പും പൊലീസും അവരുടെ ഉത്തരവാദിത്വങ്ങൾ നന്നായി നിറവേറ്റുന്നുണ്ട്. പക്ഷേ സമ്പദ് രംഗം പാടേ തകർന്നാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.
- സുനിൽ വർഗീസ്, കൊച്ചിൻ ചേമ്പർ ഒഫ് കൊമേഴ്സ് മുൻ പ്രസിഡന്റ്
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയം കാലവധി കഴിഞ്ഞ് വായ്പകൾ തിരിച്ചടയ്ക്കേണ്ട സമയത്താണ് രണ്ടാം ലോക് ഡൗൺ ഏർപ്പെടുത്തിയത്. അതുകൊണ്ട് വായ്പകളുടെ മൊറട്ടോറിയം ദീർഘിപ്പിക്കുകയും വൈദ്യുതി ബില്ല് അടക്കാൻ സാവാകാശം അനുവദിക്കുകയും വേണം. അതോടൊപ്പം കട അടച്ചിട്ട കാലത്തെ വൈദ്യുതി ബില്ലിൽ ഫിക്സഡ് ചാർജ് കഴിച്ചുള്ള തുക ഇളവ് ചെയ്യണം. കോമ്പൗണ്ടിംഗ് നികുതി സമ്പ്രാദയം തിരഞ്ഞെടുത്ത ഹോട്ടൽ ഉടമകൾക്ക് ലോക്ഡൗൺ സമയത്തെ ജി.എസ്.ടി ഇളവ് അനുവദിക്കുകയും വേണം.
ജി.ജയപാൽ, ജനറൽ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
വീട്ടുപടിക്കൽ ഉപവാസ സമരവുമായി ഏകോപന സമിതി യൂത്ത് വിംഗ്
ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങളിലേയ്ക്ക് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധക്ഷണിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇന്നലെ വീട്ടുപടിക്കലിൽ ഉപവാസ സമരം നടത്തി.
വാടകഇളവ്, പലിശ ഇളവോടെ മൊറട്ടോറിയം, പ്രത്യേക സാമ്പത്തിക പാക്കേജ്, വാക്‌സിൻ മുൻഗണന ലിസ്റ്റിൽ വ്യാപാരികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം